ആനക്കര : കൂടല്ലൂരിൽ ഭാരതപ്പുഴയിലെ കൂട്ടക്കടവിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. വളാഞ്ചേരി വെണ്ടല്ലൂർ കള്ളിയത്ത് വീട്ടിൽ അസീസിന്റെ ഭാര്യ ബേബി ഫെമിന (37), മകൻ മുഹമ്മദ് സിയാൻ ഷെരീഫ് (6) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.

ബന്ധുക്കളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കൂടല്ലൂർ ഇടപ്പറമ്പിലെ തറവാട്ടുവീട്ടിൽ എത്തിയതായിരുന്നു ഇവർ. ചടങ്ങ് കഴിഞ്ഞ് വൈകുന്നേരം വീട്ടിലുള്ളവരുമായി കൂട്ടക്കടവ് പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. പുഴയിലിറങ്ങുന്നതിനിടെ മകൻ ഷെരീഫ് കാൽവഴുതി ഒഴുക്കിൽപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബേബി ഫെമിനയും ഒഴുക്കിൽപ്പെട്ടത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പുഴയിൽ ചാടി ഇരുവരെയും കരയ്ക്കെത്തിച്ചത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂർ കൂട്ടക്കടവ് തടയണയ്ക്കുസമീപമാണ് അപകടമുണ്ടായത്. പുഴയുടെ ഈഭാഗത്ത് പൊതുവെ ഒഴുക്ക് കൂടുതലുള്ളതിനാൽ അധികമാരും ഇറങ്ങാറില്ലെന്ന് പ്രദേശത്തുള്ളവർ പറയുന്നു. വീട്ടിൽനിന്ന് 50 മീറ്റർമാത്രം അകലെയാണ് പുഴയുള്ളത്. തൃത്താല പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

ബേബി ഫെമിനയുടെ മറ്റുമക്കൾ: ഷെറിൻ, ദിയ, സന.