കൊല്ലങ്കോട്: നാലുവർഷമായി കിടന്ന കിടപ്പിലാണ് നെന്മേനി കിഴക്കേപ്പറമ്പിലെ കൃഷൻ. 78-ാം വയസ്സിൽ ആകെയുള്ള ആശ്വാസമായിരുന്നു സാമൂഹിക സുരക്ഷാപെൻഷൻ. കഴിഞ്ഞ നാലുമാസമായി ഇതും നിലച്ചു. ബി.പി.എൽ. കാർഡുള്ള കൃഷ്ണൻ, സാമൂഹിക സുരക്ഷാപെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽനിന്ന് അനർഹരെ ഒഴിവാക്കിയ കൂട്ടത്തിൽ ഒഴിവാക്കപ്പെട്ടു. കൃഷ്ണന് സ്വന്തമായി കാറുണ്ടെന്ന അധികൃതരുടെ കണ്ടെത്തലാണ് പെൻഷൻ മുടങ്ങാൻ കാരണമായത്.

പെൻഷൻ മുടങ്ങിയതോടെ ഗ്രാമപ്പഞ്ചായത്തിൽ അന്വേഷിച്ചെത്തിയ മകൻ പ്രതീഷിന് കിട്ടിയ മറുപടിപ്രകാരം കോഴിക്കോട് രജിസ്‌ട്രേഷനുള്ള കാറിന്റെ ഉടമയാണ് കൃഷ്ണൻ. ചികിത്സക്കുപോലും കഷ്ടപ്പെടുന്ന കൃഷ്ണന് കാറില്ലെന്ന് അധികൃതരെ ബോധ്യപ്പെടുത്താൻ ദിവസങ്ങളായി ചിറ്റൂരിലെ ജോയന്റ് ആർ.ടി.ഒ. ഓഫീസിൽ കയറിയിറങ്ങുകയാണ് പ്രതീഷ്.

നാലുവർഷംമുൻപുണ്ടായ അപകടമാണ് കൃഷ്ണനെ കിടപ്പുരോഗിയാക്കി മാറ്റിയത്. പുലർച്ചെ നെന്മേനിയിലെ ചായക്കടയിൽ ചായകുടിക്കാനിറങ്ങി മടങ്ങുന്നതിനിടെ ഒരു വാഹനം ഇടിക്കുകയായിരുന്നു. കാലൊടിഞ്ഞ് കുറേക്കാലം ആശുപത്രിയിലായിരുന്നു. അപകടം വരുത്തിയ വാഹനം പിന്നീട് തിരിച്ചറിഞ്ഞെങ്കിലും പരിചയത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ കേസിനൊന്നും പോയില്ല. ഇതോടെ നഷ്ടപരിഹാരസാധ്യതയും മുടങ്ങി. ഭാര്യ ദേവുവും പെയിന്റിങ് തൊഴിലാളിയായ മകൻ പ്രതീഷുമാണ് കൃഷ്ണനെ പരിചരിക്കുന്നത്.