കൊല്ലങ്കോട്: ദേശപ്പെരുമയുടെ കാഹളഭേരിയും പടയൊരുക്കത്തിന്റെ ധൂയ് വിളികളും നിറഞ്ഞ അന്തരീക്ഷത്തിൽ പല്ലശ്ശനയിൽ ഓണത്തല്ലും അവിട്ടത്തല്ലും പൊടിപാറി. പല്ലശ്ശനയുടെ നാട്ടുരാജാവായിരുന്ന കുറൂർ നമ്പിടിയെ അയൽനാട്ടുരാജാവായിരുന്ന കുതിരവട്ടത്ത് നായർ യുദ്ധത്തിൽ ചതിച്ചുകൊന്നതിൽ രോഷം പൂണ്ട ദേശമക്കൾ ശത്രുരാജാവിന് നേരെ നടത്തിയ പടയൊരുക്കത്തിന്റെ സ്മരണ പുതുക്കലാണ് ഇവിടത്തെ ഓണത്തല്ലും അവിട്ടത്തല്ലും.

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിലും ആചാരം കാത്ത്‌ നടന്ന തല്ലിന് സാക്ഷ്യം വഹിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളെത്തി. പല്ലശ്ശന തല്ലുമന്ദത്ത് തിരുവോണനാളിൽ നടന്ന ഓണത്തല്ലിൽ വിവിധ സമുദായങ്ങളിലെ ഒരുകുടി, ഏഴുകുടി ദേശക്കാരാണ് പങ്കെടുത്തത്. ചാളയ്ക്കൽ, കുണ്ടുപറമ്പ്, തൊഴുത്തുംപാറ, പനന്തുറവ, കളത്തിൽപ്പുര, തെക്കുംപുറം, കുളവരമ്പ്, ആലിങ്കൽ, മാങ്ങോട് എന്നിവിടങ്ങളിൽനിന്നുള്ള ദേശക്കാരാണ് വിധിപ്രകാരം കച്ചകെട്ടി, ഭസ്മം ധരിച്ച് തല്ലിനിറങ്ങിയത്. ദേശക്കാരണവന്മാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പല്ലശ്ശന വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന അവിട്ടത്തല്ലിൽ കിഴക്കുമുറി, പടിഞ്ഞാറേമുറി നായർ ദേശക്കാരാണ് പങ്കെടുത്തത്. നല്ലാട്ടിൽ ബാലകൃഷ്ണൻ നായർ, അളിയത്ത് ചിന്നക്കുട്ടൻ നായർ, വടശ്ശേരി ശങ്കരനാരായണൻ നായർ, തൊട്ടേങ്കര രാമചന്ദ്രൻ നായർ, ശബരി പ്രകാശ്, ചെമ്മണിക്കര ചന്ദ്രശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി. നാടുവാഴിപ്രതിനിധികളായ പതിയാട്ടിൽ ത്രിവിക്രമൻ മൂസത്, നാഞ്ചാത്ത് രാമു മന്നാടിയാർ എന്നിവർ പൊന്തിയുയർത്തി.

തിരുവോണനാളിൽ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ കുട്ടികളുടെ നേർച്ചത്തല്ലും പഴയകാവ് ക്ഷേത്രാങ്കണത്തിൽ മന്നാടിയാർ സമുദായത്തിന്റെ ഓണത്തല്ലും വിധിപ്രകാരം നടന്നു. പഴയകാവിൽ നടന്ന തല്ലിൽ കിഴക്കുമുറി, പടിഞ്ഞാറേമുറി മന്നാടിയാർ ദേശക്കാരാണ് പങ്കെടുത്തത്.

പല്ലശ്ശന ദേശത്തിലെ സ്ത്രീകളുടെ മക്കളിൽ പതിനാറ് കഴിഞ്ഞ ആൺമക്കൾക്കാണ് തല്ലിനിറങ്ങാനുള്ള അവകാശമുള്ളത്. തല്ലിൽ പങ്കെടുക്കുന്നവരിലൊരാൾ ഇരുകൈകളും ഉയർത്തി കൂട്ടിപ്പിടിത്തക്കാരുടെ കൈകളുമായി ചേർത്തുപിടിച്ച് പുറംതിരിഞ്ഞ്‌ നിൽക്കണം. ഈ വിധം നിൽക്കുന്നയാളുടെ പുറത്ത് മറുചേരിയിലെ സമാന ശരീരപ്രകൃതമുള്ള മറ്റൊരാൾ കൈ പരത്തി പരമാവധി ശക്തിയിൽ ആഞ്ഞടിക്കുന്നു. തുടർന്ന്‌ ആദ്യം തല്ലിയയാളുടെ പുറത്ത് തല്ലുകൊണ്ടയാൾ ഇതേ രീതിയിൽ തിരിച്ചും തല്ലുന്നു. ഇതാണ് ഇവിടത്തെ അനുഷ്ഠാനം.