കിഴക്കഞ്ചേരി: കതിർമണ്ഡപമാകേണ്ട വീട്ടുമുറ്റം അച്ഛന്റെയും മകന്റെയും അന്ത്യകർമങ്ങൾക്ക് വേദിയായത് നാടിനെ നൊമ്പരപ്പെടുത്തി. കിഴക്കഞ്ചേരി കുണ്ടുകാടിന് സമീപം പൂണിപ്പാടത്ത് തുപ്പലത്ത് നന്ദനം വീട്ടിൽ മോഹനനും (55) മകൻ ശ്രേയസ്സും (13) ആണ് കഴിഞ്ഞദിവസം ഷോക്കേറ്റ് മരിച്ചത്. മോഹനന്റെ മകൾ വിനിതയുടെ വിവാഹം ഓഗസ്റ്റ് 19ന് നടക്കാനിരിക്കെയാണ് കുടുംബത്തിന് തീരാനഷ്ടമായി അച്ഛനെയും മകനെയും മരണം കവർന്നത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മോട്ടോറിൽനിന്ന് ഷോക്കേറ്റ് വീണുകിടക്കുകയായിരുന്ന അച്ഛനെ താങ്ങിയെഴുന്നേൽപ്പിക്കാൻ ശ്രമിക്കവെ, ശ്രേയസ്സിനും ഷോക്കേൽക്കുകയായിരുന്നു. ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിനായി മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതായി കരുതുന്നത്. സംഭവം നടക്കുമ്പോൾ മോഹനന്റെ ഭാര്യാമാതാവ് രുക്മണിയമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവാസികൾ ഓടിയെത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജില്ലാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ തോരാമഴയിലും നാടിന്റെ നാനാദിക്കുകളിൽനിന്ന്‌ ജനങ്ങൾ അന്ത്യോപചാരം അർപ്പിക്കാനെത്തി. ഞായറാഴ്ച രണ്ടുമണിയോടെ മൃതദേഹങ്ങൾ ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.

കുടുംബത്തിന് ധനസഹായം നൽകും

 കിഴക്കഞ്ചേരി കുണ്ടുകാടിന്‌ സമീപം പൂണിപ്പാടത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ച കുടുംബത്തിന് ധനസഹായം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.