കിഴക്കഞ്ചേരി: കണച്ചിപ്പരുത പാലമൂട്ടിൽ പി.ആർ. രജനീഷിന് ലഭിച്ച വി.എഫ്.പി.സി.കെ.യുടെ ജില്ലയിലെ മികച്ച കർഷകനുള്ള ഹരിതകീർത്തി പുരസ്‌കാരത്തിന് തിളക്കമേറെയാണ്. നൂതന കൃഷിരീതിയുടെ പരീക്ഷണ വിജയത്തിനൊപ്പം നിരന്തരമായി കാട്ടാനക്കൂട്ടം വിള നശിപ്പിച്ചിട്ടും രജനീഷ് പിൻമാറാതെ പിടിച്ചുനിന്നു.
ഇടയ്ക്കിടെ കാട്ടാനക്കൂട്ടമിറങ്ങി ഏഴായിരത്തോളം വാഴ നശിപ്പിച്ചിട്ടും രണ്ട് ലക്ഷത്തോളംരൂപ ചെലവിൽ സോളാർവേലി സ്ഥാപിച്ച് രജനീഷ് കൃഷി തുടർന്നു.
ആനയെ തുരത്തുന്നതിനായി കെ.ഡി. പ്രസേനൻ എം.എൽ.എ. മുൻകൈയെടുത്ത് കടുവയുടെ ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രങ്ങളും സ്ഥാപിച്ചു. കാട്ടാനയ്ക്ക് പുറമേ മാൻ, പന്നി, മയിൽ, കുരങ്ങ്, തത്ത എന്നിവയുടെ ശല്യവും അതിജീവിച്ചാണ് കൃഷി തുടർന്നത്.
കണച്ചിപ്പരുതയിൽ കന്നിമേരി എസ്റ്റേറ്റിലെ 20 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി. ഏത്തവാഴ, ഞാലിപ്പൂവൻ, പൂവൻ, റോബസ്റ്റ, ചാരപ്പൂവൻ തുടങ്ങിയ ഇനങ്ങളിലായി 24,000 വാഴകളാണ് നട്ടത്. ഏത്തവാഴയിൽ ത്തന്നെ നാടനും സ്വർണമുഖിയുമുണ്ട്. ഞാലിപ്പൂവനിൽ ഒരു വാഴച്ചുവട്ടിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി നാല് തൈകൾ വളർത്തിയെടുത്തുകൊണ്ടുള്ള വ്യത്യസ്തമായ രീതിയായിരുന്നു രജനീഷിന്റേത്.
ഒരു വാഴച്ചുവട്ടിൽ പത്തോളം തൈകൾ മുളയ്ക്കും. ഇതിൽ രണ്ടെണ്ണം വളർത്തും. ബാക്കിയുള്ളവയുടെ കൂമ്പ് വെട്ടിനിർത്തി ഇല വെട്ടിയെടുത്ത് വില്പനയും നടത്തും. പ്രധാനവാഴയുടെ ചുവട്ടിൽ വളർത്തിയെടുക്കുന്ന രണ്ടെണ്ണത്തിന്റെ ചുവട്ടിൽ മുളയ്ക്കുന്ന തൈകളിൽ ഒരോന്നുവീതം വീണ്ടും വളർത്തിയെടുക്കും. പ്രധാന വാഴയിലെ കുലവെട്ടിക്കഴിഞ്ഞ് നാലുമാസത്തിനുള്ളിൽ താഴെയുള്ള രണ്ടെണ്ണത്തിന്റ കുല വെട്ടാറാകും. ഇതുവെട്ടി നാലുമാസം കഴിയുമ്പോഴേക്കും ഇവയുടെ താഴെ വളർത്തിയെടുത്ത ഓരോ വാഴയിൽനിന്ന് കുലവെട്ടാറാകും. 18 മാസത്തിനുള്ളിൽ അഞ്ചുകുല വിളവെടുക്കാനാകുമെന്നാണ് ഈ രീതിയിലുള്ള കൃഷിയുടെ പ്രത്യേകത.
പശു, മീൻ, പോത്ത്, കോഴി, താറാവ് തുടങ്ങിയവയെയും രജനീഷ് വളർത്തുന്നുണ്ട്. മണ്ണിര കമ്പോസ്റ്റും നിർമിക്കുന്നുണ്ട്. 20-ന് തൃശ്ശൂർ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.