പാലക്കാട്: ബജറ്റ് പ്രഖ്യാപനത്തിൽ പാലക്കാടിന് കിട്ടിയത് വളക്കൂറുള്ള മണ്ണിന് പറ്റിയ പദ്ധതികളാണ്. വാളയാറിൽ ചകിരിച്ചോർ ഫാക്ടറിയും റൈസ് പാർക്കും. അട്ടപ്പാടിവാലി ജലസേചനപദ്ധതി വീണ്ടും പ്രഖ്യാപനത്തിൽ ഇടംനേടിയിട്ടുണ്ട്.

ചിറ്റൂരിലെ തുള്ളിനനയും മംഗലംഡാമിലെ മണലെടുപ്പും മാതൃകയാക്കിയത് കർഷകർക്ക് ആത്മവിശ്വാസം പകരുന്നു. ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസിന് മൂന്നുകോടി കിട്ടിയതിനാൽ അവിടത്തെ ജീവനക്കാർക്ക് ശമ്പളവും കുടിശ്ശികയും കിട്ടുമെന്ന് ആശ്വസിക്കാം .

സഹകരണമേഖലയിലെ റൈസ് പാർക്ക് 2020-21-ൽ പാലക്കാട്ട് പ്രവർത്തനം ആരംഭിക്കും. പാർക്കുകളിൽ സർക്കാർ സംഭരിക്കുന്ന നെല്ലുകുത്തി അരിയാക്കുന്നതിനുപുറമേ അരിപ്പൊടി, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ ഉത്പാദിപ്പിക്കും. നെല്ലറയായ പാലക്കാട്ടെ കർഷകർനേരിടുന്ന പ്രധാന പ്രശ്നങ്ങൾ നെല്ലിന്റെ വിലസ്ഥിരതയില്ലായ്മയും സംഭരണത്തിലെ സുതാര്യതക്കുറവുമാണ്. ഇത് ഒരുപരിധിവരെ സഹകരണമേഖലയിൽ റൈസ് പാർക്ക് വരുമ്പോൾ പരിഹരിക്കപ്പെടുമെന്ന് കരുതാം.

ഡച്ച് പ്ലാൻറിൻ എന്ന ബഹുരാഷ്ട്രകമ്പനിയാണ് വാളയാറിൽ ചകിരിച്ചോർ സംസ്കരണഫാക്ടറി സ്ഥാ‌പിക്കുന്നത്. ഇതിലൂടെ തദ്ദേശീയർക്ക് കൂടുതൽ തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ കൂടുതൽ കമ്പനികൾ വാളയാർമേഖലയിലെത്തുമെന്ന് വ്യവസായമന്ത്രി അടുത്തിടെ വാളയാർ സന്ദർശനവേളയിൽ പറഞ്ഞിരുന്നു.

അട്ടപ്പാടിവാലി ഇറിഗേഷൻ ജലസേചനപദ്ധതി നിയമസഭയിൽ പലതവണ ചർച്ചയ്ക്കുവന്നെങ്കിലും പ്രഖ്യാപിച്ചത് ഇത്തവണത്തെ ബജറ്റിലാണ്. 2021-ഓടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അട്ടപ്പാടി ആദിവാസി ഊരുകളിൽ കൃഷി, ജലസേചനം എന്നിവ പ്രോത്സാഹിപ്പിക്കാനാണിത്. മംഗലംഡാമിലെ മണലെടുപ്പ് മാതൃകയാക്കി ജലസേചനവകുപ്പിന്റെ 12 അണക്കെട്ടിലും വൈദ്യുതിവകുപ്പിന്റെ 20 അണക്കെട്ടിലുമാണ് മണലെടുപ്പ് നടത്തുക. ഇതിൽ ‍മലമ്പുഴ, ചുള്ളിയാർഡാം എന്നിവയുൾപ്പെടെ ആറ് അണക്കെട്ടുകൾ പാലക്കാട്ടാണ്. അസംസ്കൃതവസ്തുക്കളുടെ കുറവുമൂലം മന്ദഗതിയിലായ നിർമാണമേഖലയ്ക്ക് ആശ്വാസകരമാണിത്.