കഞ്ചിക്കോട്: റെയിൽപ്പാളങ്ങളോട്‌ ചേർന്ന് അടിക്കാടുകൾ വളരുമ്പോഴും കാര്യമാക്കാതെ അധികൃതർ. വാളയാറിൽ റെയിൽവേ ട്രാക്കിനോട്‌ ചേർന്ന് അടിക്കാടുണ്ട്. ഇവിടേക്ക് ആനയിറങ്ങിയാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.

വല്ലപ്പോഴും അടിക്കാടുകൾ വെട്ടാറുണ്ടെങ്കിലും പാളത്തോട്‌ ചേർന്നുള്ളതുമാത്രമാണ് വെട്ടാറുള്ളതെന്നും പ്രദേശത്തുള്ളവർ പറയുന്നു. എന്നാൽ, വളവുകളിൽ ഇതുകൊണ്ട് മാത്രം കാര്യമാവില്ല. വാളയാറിൽ ചുള്ളിമടയിലും വല്ലടിയിലും വളവുകളുണ്ട്.

ഇവിടങ്ങളിൽ അടിക്കാട് വളർന്നാൽ ആനകൾ ട്രാക്കിലുള്ളത് ശ്രദ്ധയിൽപ്പെടില്ല. വരുന്ന തീവണ്ടികൾ ഹോണടിച്ചില്ലെങ്കിൽ ആനകൾ വണ്ടിക്ക്‌ മുന്നിൽപ്പെടുകയും ചെയ്യും.

എന്നാൽ, ഡി.എഫ്.ഒ. ഇക്കാര്യം നിഷേധിച്ചു.

അടിക്കാടുകൾ കൃത്യമായി വെട്ടുന്നുണ്ടെന്നും റെയിൽവേയും വനംവകുപ്പും യോഗം ചേരുകയും സമയാസമയം വേണ്ട നടപടിയെടുക്കുന്നുണ്ടെന്നും ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേലൂരി പറഞ്ഞു.