പാലക്കാട്: തേരോട്ടം കഴിഞ്ഞ്, തേരുകൊട്ടിന്റേയും മംഗളവാദ്യത്തിന്റേയും അലയൊലികൾ മാഞ്ഞിട്ടും ആവേശം കുറയാതെ കല്പാത്തി. ഞായറാഴ്ച സന്ധ്യാദീപങ്ങൾ മിഴി തുറന്നിട്ടും കല്പാത്തിയിൽ ചാത്തപ്പുരംമുതൽ പുതിയ കല്പാത്തിവരെയുള്ള രഥവീഥിയിൽ ഉത്സവാരവം നിറഞ്ഞു. അവധിദിനം ആസ്വദിക്കാനെത്തിയവരും കുറവല്ലായിരുന്നു.

ഞായറാഴ്ച പുലർച്ചെ പല്ലക്ക്‌ കച്ചേരിയും ഗ്രാമപ്രദക്ഷിണവും കഴിയുംവരെ കല്പാത്തിയിലെ ക്ഷേത്രങ്ങളിൽ ചടങ്ങുകളുണ്ടായിരുന്നു. രാവിലെ വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയിറങ്ങി. പഴയകല്പാത്തി, പുതിയ കല്പാത്തി, ചാത്തപ്പുരം ക്ഷേത്രങ്ങളിലും ഉത്സവം കൊടിയിറങ്ങി.

രാവിലെമുതൽ തേരുകടകൾ കാണാൻ ആളുകളെത്തിത്തുടങ്ങി. ഓരോ കടകളിലും കയറിയിറങ്ങി വിലചോദിച്ചും വിലപേശിയും അവർ വീഥികളിലൂടെ നടന്നുനീങ്ങി. റബ്ബർ പന്തുകളും ചൈനീസ് പന്തുകളും ശബ്ദമുണ്ടാക്കുന്ന വലിയ പാവകളുമെല്ലാം കുട്ടികളുടെ മനം കവർന്നു. ചോറുവെക്കുന്ന കലവും ഭരണിയുംമുതൽ തുണിത്തരങ്ങൾവരെ, വീഥിയോരങ്ങളിലുണ്ടായിരുന്ന സാധനങ്ങൾ വാങ്ങാൻ വീട്ടമ്മമാരുടെയും തിരക്ക് ഏറെയായിരുന്നു.

കല്പാത്തിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കൂടിയതോടെ പുതിയ പാലം മുതൽ ശേഖരിപുരംവരെ വാഹനങ്ങളുടെ പാർക്കിങും നീണ്ടു.

ഉത്സവം കഴിഞ്ഞെങ്കിലും 10 ദിവസത്തോളം തേരുകടകളുണ്ടാവും. ഉപ്പുതൊട്ട് കർപ്പൂരംവരെ ഇവിടെ കിട്ടുമെന്നാണ് ഗ്രാമത്തിലെ പഴമക്കാർ പറയാറ്.