കല്പാത്തി: ദേവവാഹനങ്ങളിലേറി ഉത്സവമൂർത്തികൾ അഗ്രഹാരവീഥികളിൽ അനുഗ്രഹം ചൊരിഞ്ഞെത്തും. മുതിർന്ന തലമുറയ്ക്ക് ഭക്തിനിറഞ്ഞ കാഴ്ചകളാണെങ്കിൽ യുവ തലമുറയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങളാവും ദേവവാഹനങ്ങളുടെ എഴുന്നള്ളത്ത്. ഉത്സവമൂർത്തികളെ പട്ടും പൂവുമണിയിച്ചാണ് അലങ്കരിച്ചൊരുക്കുക.

പഴയ കല്പാത്തിക്ക് ഗരുഡവാഹന അലങ്കാരവും ആഞ്ജനേയവാഹന അലങ്കാരവും. പുതിയ കല്പാത്തിക്ക് കുതിരവാഹനം, ചാത്തപ്പുരത്തിന് മൂഷികവാഹനവും കുതിരവാഹനവും, കുണ്ടമ്പലത്തിലെ വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ക് അഞ്ചാം തിരുനാളിലുള്ള ഋഷഭവാഹനം. ഇതൊക്കെ ഭക്തർ കാത്തിരിക്കുന്ന എഴുന്നള്ളത്ത്‌ വാഹനങ്ങളാണ്.

ഉത്സവകാലത്തെ ദേവദർശനത്തിന് ഫലം കൂടുമെന്ന് പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാൾ ക്ഷേത്രം തന്ത്രി നൂറണി രാമമൂർത്തി ഭട്ടാചാര്യർ പറയുന്നു. വീടുകളിൽനിന്ന് പുറത്തിറങ്ങി ക്ഷേത്രത്തിൽ ദർശനത്തിനെത്താനാവാത്തവരെക്കൂടി ഉദ്ദേശിച്ചാണ് ദേവതകളുടെ ഗ്രാമപ്രദക്ഷിണം. അച്ഛൻ രാമശേഷ ഭട്ടാചാര്യരുടെ കാലംമുതൽ രാമമൂർത്തി ഭട്ടാചാര്യർ ദേവവിഗ്രഹങ്ങളെ അലങ്കരിക്കുന്നുണ്ട്. ഇപ്പോൾ ഭട്ടാചാര്യരുടെ നിർദേശമനുസരിച്ച് മകൻ രാമശേഷ ഭട്ടാചാര്യരും (രമേശ്) ഗ്രാമവാസികളും ചേർന്നാണ് അലങ്കാരമൊരുക്കുക.

സി.വി. ശ്രീകൃഷ്ണൻ, കെ.എൻ. രഘുപതി, പി.ജി. വെങ്കിടകൃഷ്ണൻ (മുരളി), പി.വി. മഹാദേവൻ, ക്ഷേത്രം മാനേജിങ് ട്രസ്റ്റി മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രിക്ക് സഹായത്തിന് കൂടെയുണ്ട്. ക്ഷമയും ശില്പചാതുരിയും ഒത്തുചേർന്നാലേ അലങ്കാരം മനോഹരമാവൂ. പൂജകന്റെ മനസ്സിലുള്ള ഭാവവും രൂപവുമാവും അലങ്കാരത്തിന്. ഉത്സവമൂർത്തിയെ അലങ്കാരങ്ങളണിയിച്ച് പിന്നിൽ പ്രഭാമണ്ഡലം ഉറപ്പിച്ചശേഷം പൂമാലകൾ ചാർത്തും.

മൂന്ന് സെറ്റ് ഹാരങ്ങളും നാല് സെറ്റ് തിരുപാശി മാലകളും ഉപയോഗിക്കും. തുളസി, ജമന്തി, തെച്ചി തുടങ്ങിയ പുഷ്പങ്ങളാണ് മാലയുണ്ടാക്കാൻ ഉപയോഗിക്കുക. ഏഴടി, 5.5 അടി, 4.5 അടി തുടങ്ങി വിവിധ അളവുകളിലാണ് മാല. അതേസമയം പുതിയ കല്പാത്തിയുടെ കുതിരവാഹനം പോലുള്ള അലങ്കാരങ്ങളാവുമ്പോൾ പൂക്കൾ കൊണ്ടുള്ള അലങ്കാരം കൂടും. പഴയ കല്പാത്തിയിൽ ശനിയാഴ്ച ആഞ്ജനേയവാഹന അലങ്കാരമാണ്. ആഞ്ജനേയവാഹനത്തിലേറിയാണ് ദേവന്റെ എഴുന്നള്ളത്ത്. ആഞ്ജനേയർക്ക് വടമാല ചാർത്താൻ ഏറെ വിശ്വാസികളെത്തും.