ചെർപ്പുളശ്ശേരി : ഖിലാഫത്ത് കലാപത്തിന്റെ അലയൊലികൾ നിറഞ്ഞുനിന്നിരുന്ന 1921 സെപ്റ്റംബർ ഒന്നിലെ സുപ്രഭാതം. ജീവിതത്തിലെ നിർണായകമായ തേവാരമാണെന്നറിയാതെ 24-കാരനായ ചെർപ്പുളശ്ശേരി മോഴികുന്നത്ത് മനയിൽ ബ്രഹ്മദത്തൻ കുറിതൊട്ടു. അമ്മ സാവിത്രി അടിതിരിപ്പാട് തളിപ്പറമ്പ് പെരുംതൃക്കോവിലപ്പന് പൂജ ചെയ്യുന്നു. ആ സമയം മനയുടെ പടിഞ്ഞാറേ മുറ്റത്ത് വെള്ളപ്പട്ടാളത്തിന്റെ ബൂട്ടിന്റെ ശബ്ദമുയർന്നു. അന്നത്തെ സബ് ഇൻസ്പെക്ടർ മൊയ്തീൻ, ബ്രഹ്മദത്തനെ മുറ്റത്തേക്ക് പിടിച്ചിറക്കി. പൊടുന്നനെ പട്ടാളക്കാർ വട്ടംകൂടി. ഒരു പട്ടാളക്കാരൻ കയറെടുക്കുന്നു. ബ്രഹ്മദത്തൻ നമ്പൂതിരിയുടെ കൈകൾ പിന്നോട്ടുപിടിച്ച് വരിഞ്ഞുകെട്ടുന്നു. മറ്റൊരാൾ കയറിന്റെ മറ്റേ തല കഴുത്തിലിട്ടുമുറുക്കി. രാജാവിനോട് യുദ്ധം പ്രഖ്യാപിച്ചെന്ന കുറ്റംചുമത്തി ബ്രഹ്മദത്തനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇടയിൽ കുറച്ചുകാലം ജാമ്യം കിട്ടിയെങ്കിലും തുടർന്ന് പല മാസങ്ങൾ ബ്രിട്ടീഷ് പട്ടാളത്തിന്റെ പീഡനങ്ങൾ സഹിച്ച് ബ്രഹ്മദത്തന്റെ വാസം ജയിലറകൾക്കുള്ളിലായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ദേശസ്‌നേഹിയായ ആ 24-കാരൻ അറസ്റ്റിലായതിനും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയതിനും ഇപ്പോൾ ഒരുനൂറ്റാണ്ട് പിന്നിടുന്നു.

അന്ന് മനയിൽനിന്ന് പട്ടാളം പിടിച്ചിറക്കി കൊണ്ടുപോയത് കഴുത്തിൽ കയറുകെട്ടി വലിച്ചുകൊണ്ട്, ജനിച്ചുവീണ സ്വന്തം നാട്ടിലൂടെ. നേരെ കച്ചേരിക്കുന്നിലെ പോലീസ്‌സ്റ്റേഷൻ മൈതാനിയിലേക്ക്. കൈകൾ പിന്നോട്ട്‌ കെട്ടി ഒരാളോട്‌ മറ്റേയാളെ കൂട്ടിക്കെട്ടി കോമ്പലയാക്കി ആട്ടിക്കൊണ്ടുപോയത് കാറൽമണ്ണയിലെ പൊട്ടത്തിപ്പറമ്പിലേക്കും. ഇവിടംമുതൽ തുടങ്ങുന്നു, ചെർപ്പുളശ്ശേരിയിലെ പ്രഥമ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുകൂടിയായ മോഴികുന്നത്ത് മനയ്ക്കൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ വർഷങ്ങൾനീണ്ട യാതനാപർവം.

കെട്ടിച്ചമച്ചത് മൂന്ന്‌ കള്ളക്കേസുകൾ

രാജാവിനോട് യുദ്ധം പ്രഖ്യാപിച്ചു, ബ്രിട്ടീഷ് പട്ടാളത്തിന്റെ വഴിമുടക്കുന്നതിന് ചെർപ്പുളശ്ശേരി കാക്കാത്തോട് പാലം പൊളിച്ചു. നിയമവിരുദ്ധമായി സംഘംചേർന്നു. ഇതെല്ലാമായിരുന്നു ദത്തന്റെ പേരിൽ ചുമത്തിയ കള്ളക്കേസുകൾ. കൂട്ടക്കൊലയുടെയും കൊള്ളയുടെയും ഞെട്ടിക്കുന്ന വിശേഷങ്ങളുമായാണ് നേരം പുലർന്നത്. മലബാർ കലാപം കാട്ടുതീയുടെ വേഗത്തിലാണ് ഏറനാട്ടിൽനിന്ന്‌ തൂതപ്പാലം കടന്ന് വള്ളുവനാടൻ ഗ്രാമങ്ങളിലേക്കും പടർന്നത്. ബ്രഹ്മദത്തൻ പ്രസിഡന്റായാണ് ചെർപ്പുളശ്ശേരിയിൽ ആദ്യമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുണ്ടാക്കിയത്. 1921 ഓഗസ്റ്റ് ഒന്നിന് ലോകമാന്യതിലകന്റെ പ്രഥമ ചരമവാർഷികദിനത്തിന്റെ ഭാഗമായി പുത്തനാൽക്കൽ കാളവേലപ്പറമ്പിൽ വെച്ച് ബ്രഹ്മദത്തന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

യോഗം മുടക്കാൻ പോലീസ് ശ്രമിച്ചു. ബ്രഹ്മദത്തന്റെ മനവക സ്ഥലമായതിനാൽ യോഗം തടയാനായില്ല. ഇതോടെ പോലീസിന്റെയും പട്ടാളത്തിന്റെയും കണ്ണിലെ കരടാവുകയും ചെയ്തു. തുടർന്നാണ് ലഹള പടർത്താൻ ശ്രമിച്ചെന്ന കള്ളക്കേസുകളെടുത്ത് ജയിലിലടക്കുന്നത്. കോയമ്പത്തൂർ, കോഴിക്കോട് ജയിലുകളിൽ കൊടിയ ക്രൂരതകൾക്കിരയായി. പിന്നീട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ബെല്ലാരി ജയിലിലേക്ക്.

ഇരുകാലുകളിലും ഇരുമ്പുചങ്ങലകളാൽ ബന്ധിച്ചായിരുന്നു ഇവിടത്തെ വാസം. ജയിലിലെ നമ്പർ 6061ഉം. ബ്രഹ്മദത്തനെ, മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയതും നിരുപാധികം വിട്ടയച്ചതും തൊട്ടടുത്തവർഷം സെപ്റ്റംബർ ഒന്നിനുതന്നെ. കാലചക്രം തിരിഞ്ഞതോടെ മലബാർ കലാപം സ്വാന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് സർക്കാർ പ്രഖ്യാപിച്ചു.

പട്ടാമ്പിയുടെ പഞ്ചായത്ത് പ്രസിഡന്റ്

ചെർപ്പുളശ്ശേരി മോഴികുന്നത്ത് മനയ്ക്കൽ നാരായണൻ സോമയാജിപ്പാടിന്റെയും സാവിത്രി അടിതിരിപ്പാടിന്റെയും മകനായി 1897-ലാണ് ബ്രഹ്മദത്തൻ ജനിച്ചത്. വേദോപനിഷത്തുകളും ഋഗ്വേദ സംഹിതകളും ഹൃദിസ്ഥം. മഹാത്മാഗാന്ധിജിയെ ഗുരുവായി സ്വീകരിച്ച് 1918-ൽ രാഷ്ട്രീയത്തിലേക്കിറങ്ങി. മലബാർ ലഹള വള്ളുവനാട്ടിലേക്ക് പടരാതിരിക്കാൻ മുന്നിട്ടിറങ്ങി. ജയിൽവാസത്തിനുശേഷം സമുദായഭ്രഷ്ടും അനുഭവിച്ച് പട്ടാമ്പിയിലേക്ക് താമസം മാറ്റി. പിന്നീട് ഒരു വ്യാഴവട്ടക്കാലം പട്ടാമ്പിയിൽ പഞ്ചായത്ത് പ്രസിഡന്റുമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലും യോഗക്ഷേമസഭയിലും ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതയായ സാവിത്രി അന്തർജനമാണ് ഭാര്യ. ഏഴ്‌ മക്കളായിരുന്നു. ത്യാഗോജ്വലമായ ജീവിതത്തിനൊടുവിൽ 1964 ജൂലായ് 26-നാണ് മരിക്കുന്നത്.