പാലക്കാട് : ശനിയാഴ്ച ഉച്ചമുതൽ ഒരുമണിക്കൂറോളം തകർത്തുപെയ്ത മഴയിൽ ജില്ലയിലെ മിക്കയിടങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി. കനത്ത കാറ്റിലും മഴയിലും മരങ്ങളും മരക്കൊമ്പുകളും പൊട്ടിവീണ് പൊതുഗതാഗതം തടസ്സപ്പെട്ടു. നെല്പാടങ്ങളും വെള്ളത്തിനടിയിലായി.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് മലന്പുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററിലെത്തിയ സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്. മലമ്പുഴ അണക്കെട്ടിലെ നാല് ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ആദ്യം ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതമാണ് ഉയർത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 15 സെന്റീമീറ്ററാക്കി ഉയർത്തുകയായിരുന്നു. മലമ്പുഴ പ്രദേശത്ത് ശനിയാഴ്ചരാവിലെ മാത്രം 82.5 എം.എം. (മില്ലീമീറ്റർ) മഴയാണ് ലഭിച്ചത്. ഒക്ടോബറിൽ രണ്ടുതവണ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നെങ്കിലും ഇത് കെ.എസ്.ഇ.ബി.യുടെ ട്രയൽറണ്ണിന്റെ ഭാഗമായായിരുന്നു.

പോത്തുണ്ടി അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി. വൃഷ്ടിപ്രദേശത്ത് കഴിഞ്ഞദിവസം 11 മില്ലീമീറ്റർ മഴ പെയ്തു. 107.13 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധിശേഷി 108.204 മീറ്ററാണ്.

കാഞ്ഞിരപ്പുഴ ഡാമിലെ എല്ലാ ഷട്ടറും 15 സെന്റീമീറ്റർവീതവും മംഗലംഡാമിലെ എല്ലാ ഷട്ടറും 32 സെന്റീമീറ്റർ വീതവും ചുള്ളിയാർഡാമിലെ ഒരു ഷട്ടർ മൂന്ന് സെന്റീമീറ്ററും ശിരുവാണി ഡാമിലെ റിവർ സ്ലൂയിസ് ഷട്ടർ 10 സെന്റീമീറ്റർ വീതവും തുറന്നിട്ടുണ്ട്. തമിഴ്നാട്ടിലെ ആളിയാർഡാമിലെ എല്ലാ ഷട്ടറും ശനിയാഴ്ച പുലർച്ചെ തുറന്നു. ശനിയാഴ്ച രാത്രിയോടെ ചിറ്റൂർ പ്പുഴയിലേക്ക് വെള്ളമെത്തി. ഡാമിലെ ശനിയാഴ്ചത്തെ ജലനിരപ്പ് 1049.65 അടിയാണ്. 1050 അടിയാണ് പരമാവധി ജലനിരപ്പ്. ഡാം തുറന്നതിനാൽ ചിറ്റൂർപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ചിറ്റൂർ അസി. എക്സി. എൻജിനിയർ അറിയിച്ചു.