ഊട്ടി: ശനിയാഴ്ച രാത്രി പെയ്ത കനത്തമഴയിൽ കൂനൂരിലും പരിസരപ്രദേശങ്ങളിലും വൻ നാശം. കൂനൂർ -മേട്ടുപ്പാളയം ദേശീയപാത പിളർന്നു. ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
ഇതുകൂടാതെ ദേശീയപാതയിൽ കൂനൂരിനും ബെർളിയാറിനുമിടയിൽ പന്ത്രണ്ട് സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. ഇതോടെ റോഡിൽ ഗതാഗതം പൂർണമായി നിർത്തിവെച്ചു. മണ്ണും മരങ്ങളും മാറ്റുന്ന പണി തുടരുകയാണ്. ഊട്ടിയിൽനിന്ന് മേട്ടുപ്പാളയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോത്തഗിരിവഴി തിരിച്ചുവിട്ടിരിക്കുകയാണ്. കൂനൂരിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന കൃഷ്ണാപുരം കനാൽ കരകവിഞ്ഞ് ഇരുകരകളിലും നിർത്തിയിട്ടിരുന്ന 18 വാഹനങ്ങൾ ഒഴുകിപ്പോയി. പന്ത്രണ്ട് ഇരുചക്രവാഹനങ്ങൾ, ഒരു പിക് അപ്പ് വാൻ, മൂന്ന് കാറുകൾ, നാല് ഓട്ടോകൾ എന്നിവയാണ് ഒഴുകിപ്പോയത്. കൃഷ്ണാപുരം കനാലിലൂടെ ടൺകണക്കിന് മാലിന്യവും പ്ലാസ്റ്റിക്കും ഒഴുകിവന്ന് പലഭാഗങ്ങളിലും അടിഞ്ഞുകൂടി.
ഇരുകരകളിലുമുള്ള വീടുകളിലും വെള്ളം കയറി. തൂതൂർ മട്ടത്തിൽ രണ്ട് വീടുകളുടെ ചുമരിടിഞ്ഞുവീണു.
കഴിഞ്ഞ രാത്രി കൂനൂരിൽ 14 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. വടക്ക് -കിഴക്കൻ മഴ എപ്പോഴും കൂനൂരിൽ നാശം വിതയ്ക്കുന്നത് പതിവാണ്. ജില്ലാ ഭരണകൂടം അതീവജാഗ്രത പുലർത്തിവരികയാണ്.
അഗ്നിരക്ഷാസേന, ദുരന്തനിവാരണസേന, ദേശീയപാതാ വിഭാഗം, പോലീസ്, വനംവകുപ്പ് എന്നിവ എന്തിനും സജ്ജമായി നിൽക്കുകയാണെന്ന് കളക്ടർ ഇന്നസെന്റ് ദിവ്യ പറഞ്ഞു.