അഗളി : തികച്ചും അപ്രതീക്ഷിതമായിരുന്നു മന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശനം. വകുപ്പുകളോ മാധ്യമങ്ങളോ ഒന്നും മന്ത്രി വരുന്നതറിഞ്ഞില്ല. പിന്നീട് വിവരം കിട്ടിയപാടെ മാധ്യമങ്ങളും ചുരം കയറി അട്ടപ്പാടിയിലെത്തി.

ഒമ്പതരയോടെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലായിരുന്നു മന്ത്രി ആദ്യമെത്തിയത്. ഒ.പി. പരിശോധനാസ്ഥലമുൾപ്പെടെ സന്ദർശിച്ചു. മുന്നിൽ കണ്ടവരോട് കുശലം പറഞ്ഞു. മുറിവ് കെട്ടിക്കൊണ്ടിരിക്കുന്നതിനിടെ മന്ത്രിയെ കണ്ട് പകച്ചുപോയ നേഴ്‌സിനോട് ജോലി തുടരാനും മന്ത്രി നിർദേശിച്ചു.

പിന്നീട് അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഓഫീസിലെത്തി ഹാജർ നിലയും ഫീൽഡുതല പരിശോധനയും നടത്തി. രജിസ്റ്ററും പരിശോധിച്ചു. ഇതിനുശേഷം ബോഡിച്ചാള ഊരിലെ അങ്കണവാടിയും ഇതിനോട് അനുബന്ധിച്ചുള്ള കമ്മ്യൂണിറ്റി കിച്ചനും പരിശോധിച്ചു.

ഊരിലെ ഗർഭിണികളെയും കൗമാരക്കാരികളെയും വൃദ്ധരെയും കണ്ട് സംസാരിക്കലായിരുന്നു പിന്നീട്. കോട്ടത്തറ ആശുപത്രിയിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. ആശുപത്രിയിലെ താത്കാലികജീവനക്കാരുടെ ശമ്പളക്കുടിശ്ശിക കൊടുത്തുതീർക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജീവനക്കാരെ അറിയിച്ചു.

വെള്ളമാരി അങ്കണവാടിയിലെത്തി അധ്യാപകരെ കണ്ട് ചർച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മഴയെത്തിയത്. ഇതോടെ, വെള്ളമാരി, ചാളയൂർ, കരിവടം, വീട്ടിയൂർ ഊരുകൾ സന്ദർശിക്കുന്നതിന് കഴിയാതായി. മഴ വില്ലനായതോടെ മന്ത്രി വൈകീട്ട്‌ മൂന്നരയോടെ ആനക്കട്ടി-കോയമ്പത്തൂർ വഴി തിരിച്ചുപോയി.