ഷൊർണൂർ: രണ്ട് ടൗണുകളും ബസ്‌സ്റ്റാൻഡുകളും ഉൾപ്പെടുന്ന ഷൊർണൂരിന്റെ നഗരമാലിന്യം സംസ്‌കരിക്കാൻ ഇപ്പോഴും സംവിധാനമായില്ല. കഴിഞ്ഞ ഭരണസമിതി കുളപ്പുള്ളി ടെക്‌നിക്കൽ ഹൈസ്‌കൂളിന് സമീപത്തെ മൂന്നരയേക്കർ സ്ഥലം കണ്ടെത്തിയെങ്കിലും സംസ്‌കരിക്കാൻ സംവിധാനമായില്ല. ഇപ്പോഴും ശേഖരിക്കുന്ന മാലിന്യം ഇവിടെ കൊണ്ടിടുകയാണ്. ജൈവമാലിന്യം വളമാക്കുന്നതിന് പുറമേ പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ചെടുത്ത് സ്വകാര്യകമ്പനിക്ക് നൽകുന്നുണ്ട്. ഇതിന് പുറമെയാണ് റെയിൽവേമാലിന്യമടക്കം പൊതുവഴികളിലും റെയിൽവേയുടെ സ്ഥലത്തും കെട്ടിക്കിടക്കുന്നത്

പ്രതിദിനം ഉണ്ടാകുന്ന മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനമില്ലാത്ത പ്രശ്‌നവും നിലനിൽക്കയാണ്. റെയിൽവേ മേല്പാലത്തിന് സമീപത്ത് മാലിന്യം തള്ളുന്നതിനെതിരേ സമീപവാസികളുൾെപ്പടെ രംഗത്തുവന്നതോടെയാണ് കുളപ്പുള്ളിയിൽ സ്ഥലം കണ്ടെത്തിയത്. ഇവിടെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാനും കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചു. പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നാണ് സൂചന.

കുളപ്പുള്ളി, ഷൊർണൂർ പ്രദേശങ്ങളിൽ മാത്രമായി പ്രതിദിനം അര ടണ്ണോളം മാലിന്യമുണ്ടാകുന്നുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന വർധനകൂടി കണക്കിലെടുത്ത് രണ്ട് ടൺ സംസ്‌കരണ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുക. ഓരോവർഷം കടന്നുപോകുമ്പോഴും മാലിന്യമെന്ന വലിയ വിപത്ത് ഷൊർണൂരിന്റെ ശാപമായി തുടരുകയാണ്.

പ്ലാന്റ് സ്ഥാപിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും

കുളപ്പുള്ളിയിലെ ട്രഞ്ചിങ് ഗ്രൗണ്ടിൽ നിർമിക്കുന്ന പ്ലാന്റിന്റെ നിർമാണം പൂർത്തിയായാൽ മാലിന്യസംസ്‌കരണത്തിന് സംവിധാനമാകും. മാലിന്യം ശേഖരിക്കരുതെന്നും ഉറവിടത്തിൽ സംസ്‌കരിക്കണമെന്നുമുള്ള സർക്കാർ ഉത്തരവുള്ളതിനാൽ ശേഖരിക്കാനാവില്ല.

-വി. വിമല, നഗരസഭാധ്യക്ഷ.