അഗളി: ശിരുവാണിപ്പുഴ കടന്ന് വീട്ടിലെത്താൽ പാലവും ഗതാഗതസൗകര്യവും ഇല്ലാത്തതിനാൽ അട്ടപ്പാടിയിൽ വയോധിക ചികിത്സകിട്ടാതെ മരിച്ചു. മൂച്ചിക്കടവ് സ്വദേശി വേലാത്താളാണ്‌ (90) വൈദ്യസഹായം ലഭിക്കാതെ ബുധനാഴ്ചരാത്രി മരിച്ചത്. തുടർന്ന് ശിരുവാണിപ്പുഴയിലൂടെ ശവമഞ്ചത്തിൽ ചുമന്ന് അക്കരെ കടത്തിയാണ് മൃതദേഹം നെല്ലിപ്പതിയിലുള്ള ശ്മശാനത്തിലെത്തിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിൽ പെയ്ത കനത്തമഴയിൽ ശിരുവാണിപ്പുഴയിൽ വെള്ളമുയർന്ന് അഗളി-ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചിക്കടവ് പാലത്തിന്റെ പ്രവേശനപാതയും കൈവരികളും പൂർണമായും തകർന്നിരുന്നു. പ്രദേശവാസികൾ മരംകൊണ്ട് താത്കാലികമായി നിർമിച്ച തൂക്കുപാലത്തിലൂടെയാണ് യാത്രചെയ്തിരുന്നത്. വാഹനം എത്തേണ്ട അത്യാവശ്യഘട്ടങ്ങളിൽ ചിറ്റൂർ-കോട്ടമല വഴി അഞ്ച് കിലോമീറ്ററോളം ചുറ്റിയാണ് മൂച്ചിക്കടവിൽ എത്തിയിരുന്നത്.

എന്നാൽ കോട്ടമല റോഡിൽ ഷോളയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതവും ഇപ്പോൾ തടസ്സപ്പെട്ടിരിക്കയാണ്. രക്തസമ്മർദമുണ്ടായിരുന്ന വേലാത്താൾ ബുധനാഴ്ചരാത്രിയോടെ അവശയായിരുന്നു. അഗളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കൊണ്ടുവന്നെങ്കിലും വീട്ടിലെത്താനാവാതെ തിരികെ പോകുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പരേതനായ ബാലസുബ്രഹ്മണ്യന്റെ ഭാര്യയാണ് വേലാത്താൾ. മക്കൾ: ഷൺമുഖൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: മഹേശ്വരി, സരസ്വതി.

ശിരുവാണിപ്പുഴ
ശിരുവാണിപ്പുഴയിൽ മൂച്ചിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയപ്പോൾ പ്രദേശവാസികൾ താത്കാലികമായി നിർമിച്ച നടപ്പാലം

ഉണ്ടായിരുന്നവഴിയും അടച്ചു

മൂച്ചിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കാതെ കോട്ടമല റോഡിൽ കോൺക്രീറ്റ് നിർമാണം ആരംഭിക്കരുതെന്നും അങ്ങിനെച്ചെയ്താൽ ഷോളയൂർ പഞ്ചായത്തിലെ കോട്ടമല, ചാവടിയൂർ പ്രദേശം ഒറ്റപ്പെട്ടുപോകുമെന്നും ഗ്രാമസഭയിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അപ്രോച്ച് റോഡ് മണ്ണിട്ടെങ്കിലും ഉയർത്തി താത്കാലികഗതാഗതം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് അഗളി, ഷോളയൂർ പഞ്ചായത്തുകളെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. റോഡിലെ കോൺക്രീറ്റിങ്‌ ആരംഭിച്ചതുമുതൽ മൂച്ചിക്കടവ് പാലംമുതൽ കോട്ടമല തോടുവരെയുള്ള മുപ്പതിലധികം കുടുംബങ്ങളും പാൽ സൊസൈറ്റിയും പൂർണമായും ഒറ്റപ്പെട്ടിരിക്കയാണ്. കോട്ടമലവഴി ചിറ്റൂരിലേക്ക് പോയിരുന്ന ചാവടിയൂരിലുള്ള 200 കുടുംബങ്ങളുടെ ഗതാഗതവും തടസപ്പെട്ടു. ഈ പ്രദേശങ്ങളിലുള്ള രോഗികളെ അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയിലെത്തിക്കുന്നതിന് ചുമന്നുകൊണ്ടുപോയി പുഴ കടത്തണം.

പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത്

കോട്ടമല റോഡിലെ കോൺക്രീറ്റ് നിർമാണം ഇപ്പോൾ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള പരാതി പഞ്ചായത്തിൽ ലഭിച്ചിട്ടില്ലെന്നും മൂച്ചിക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം നടത്തുന്നതിനായി മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഷോളയൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Content Highlights: Elderly women dies without getting proper treatment