എലപ്പുള്ളി: കാഡ ചാൽ പൊളിഞ്ഞ് വീട്ടിലേക്ക് വെള്ളംകയറുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. എലപ്പുള്ളി പള്ളത്തേരി ചായക്കട സ്റ്റോപ്പിനടുത്തുള്ള എസ്. രാമചന്ദ്രൻ, ശങ്കരൻ, കെ.കെ. ബാലകൃഷ്ണൻ, മുരുകൻ, മണി തുടങ്ങി നിരവധിപേരുടെ വീട്ടുവളപ്പിലേക്കാണ് വെള്ളം കയറിയത്.
വീടുകൾക്കുപിന്നിലൂടെ പോകുന്ന വാളയാർ-ഇരട്ടക്കുളം കനാലിൽനിന്ന് സമീപത്തെ പാടത്തേക്ക് വെള്ളിമെത്തിക്കുന്ന കാഡ ചാൽ തകർന്നാണ് വെള്ളം വീടുകളിലേക്ക് കയറുന്നത്. വാളയാർ കനാലിലൂടെ വെള്ളം തുറന്നുവിടുമ്പോഴെല്ലാം ഇവിടെ വെള്ളം കയറുന്നത് പതിവാണ്. മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പുറത്തിറങ്ങാനും പ്രയാസമാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ വീട്ടിലേക്ക് കയറ്റി നിർത്താനും കഴിയുന്നില്ല. വീടുകളിലേക്കുള്ള പൊതുവഴിയും ചെളിക്കുളമായി. കിണറിലേക്കും വെള്ളമിറങ്ങുന്നതിനാൽ കുടിവെള്ളത്തിന് മറ്റുവഴി കാണേണ്ട അവസ്ഥയാണ്. വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നതിനും കാരണമാകുന്നുണ്ട്. കന്നുകാലികൾ വളർത്തുന്നവരും വെള്ളം കയറുമെന്ന ഭീതിയിൽ രാത്രി ഉറങ്ങാതിരിക്കുന്ന ദിവസങ്ങളുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളം കെട്ടിനിന്ന് വീടിന്റെ ഭിത്തി തകരുമെന്ന ആശങ്ക വേറെയും.
കൊടുമ്പ് പഞ്ചായത്തിലെ അഞ്ചാംവാർഡിൽപ്പെടുന്ന പ്രദേശമാണിത്. ഒട്ടേറെതവണ പഞ്ചായത്തിലും ജല അതോറിറ്റിയിലും പരാതിപ്പെട്ടെങ്കിലും നടപടിയായില്ല. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.