ഈറോഡ് : ഇ-പാസില്ലാതെ കടത്തിവിടില്ലെന്ന പോലിസ് നിലപാടിൽ പ്രതിഷേധിച്ച് ഈറോഡ് കരിങ്കൽപ്പാളയം ചെക്പോസ്റ്റിൽ യാത്രക്കാർ റോഡുപരോധിച്ചു. ഈറോഡ് ജില്ലയോട് അടുത്തുകിടക്കുന്ന നാമക്കൽ ജില്ലയിലെ പള്ളപ്പാളയം, കുമാരപാളയം തുടങ്ങി നിരവധി പ്രദേശങ്ങളിലെ ആയിരക്കണക്കിന് പേർ എല്ലാ കാര്യത്തിനും ആശ്രയിക്കുന്നത് ഈറോഡിനെയാണ്.

മാതൃജില്ല വിട്ടുവരാൻപാടില്ലെന്ന അധികാരികളുടെ ഉത്തരവ് വന്നതോടെ പോലിസ് നിയമം കർശനമാക്കി. ഇതോടെ ഈറോഡിലേക്ക്‌ ജോലിക്കുപോലും പോകാനാവാത്ത സ്ഥിതിയായി. ഇതോടെ യാത്രക്കാർ രോഷാകുലരായി പോലീസുമായി തർക്കിച്ചു. ഒടുവിൽ റോഡുപരോധം തുടങ്ങി. ഉടൻ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ കടത്തിവിടാനുള്ള നടപടി സ്വീകരിക്കയായിരുന്നു.