ഈറോഡ് : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെ പരിശോധന കർശനമാക്കി.

70 പേർക്ക് കോവിഡ് ബാധിച്ചെങ്കിലും മിക്കവരും രോഗമുക്തിനേടി. എന്നാൽ, കഴിഞ്ഞദിവസം പുതിയ 22 രോഗബാധിതരെ കണ്ടെത്തി. ഇതിനിടയിൽ നഗരത്തിലെ വളയക്കാരവീഥിയിൽ കോവിഡ് ബാധിച്ച്‌ ചികിത്സയിൽക്കഴിഞ്ഞിരുന്ന സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചു.

ജില്ലയിൽ 3,575 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരുടെ പ്രദേശങ്ങൾ അടച്ചിട്ട്‌ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണത്തിലാക്കി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങൽ, അനാവശ്യ യാത്രകൾ എന്നിവക്കെല്ലാം പോലീസ് നടപടിയെടുക്കുന്നുണ്ട്.

ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകളിലും കർശന പരിശോധന തുടങ്ങി. മറ്റ്‌ ജില്ലകളിൽ നിന്ന്‌ വേണ്ടത്ര രേഖകളില്ലാതെ വരുന്ന ആരെയും ജില്ലയിലേക്ക് കടത്തരുതെന്ന്‌ കളക്ടർ സി. കതിരവൻ നിർദേശം നൽകി.