ഈറോഡ്: ഈറോഡ് ജില്ലയിലെ താളവാടിയിൽ കാട്ടാനശല്യം കൂടിയതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലായി ഗ്രാമവാസികൾ. വനമേഖലയോടുചേർന്നുള്ള ഗ്രാമപ്രദേശങ്ങളിൽ നിരന്തരം കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നു. വീടുകൾ തകർക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നു. വഴിയിലും പലപ്പോഴും ആനകളെ കാണാം. ആനയെപ്പേടിച്ച് രാത്രി ഉറങ്ങാതെ കൃഷിയിടത്തിൽ കാവലിരിക്കുകയാണ് കർഷകർ.

കഴിഞ്ഞദിവസം രാത്രി പാലപ്പടുക്കേ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിന്റെ മതിൽ ആന തകർത്തു. ശബ്ദംകേട്ട്‌ എത്തിയ പരിസരവാസികൾ പടക്കംപൊട്ടിച്ചാണ് ആനയെ തുരത്തിയത്. ഏതാനുംമാസം മുൻപും ഇതേ സ്‌കൂളിന്റെ മതിൽ ആന തകർത്തിരുന്നു. വിവരങ്ങൾ അപ്പഴപ്പോൾ വനപാലകരെ ധരിപ്പിക്കുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.