ഈറോഡ്: 52-കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യയും മക്കളും ബന്ധുക്കളും ഈറോഡ് സർക്കാർ ആശുപത്രിക്കുമുന്നിൽ മേട്ടൂർ റോഡ് ഉപരോധിച്ചു. ഈറോഡിലെ സ്വകാര്യ ലുങ്കി ഉത്‌പാദന കേന്ദ്രത്തിലെ ജീവനക്കാരനായ ശുരംപട്ടിയിൽ താമസിക്കുന്ന ഇളമുരുഗനാണ്‌ (52) കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തുടർന്ന്‌ ഈറോഡ് സർക്കാർ ആശുപത്രിയിൽ കൊണ്ടുവന്ന്‌ മരണം സ്ഥിരീകരിച്ചു.

ജോലി ചെയ്യുന്നിടത്ത് പണമിടപാടുമായി ബന്ധപ്പെട്ട്‌ സ്ഥാപന ഉടമകൾ ചോദ്യം ചെയ്യുന്നതിനിടയിൽ ഇളമുരുഗൻ കുഴഞ്ഞുവീഴുകയും ജീവനക്കാർ ഈറോഡിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ മർദനമേറ്റതാണ് മരണകാരണമെന്നും സ്ഥാപന ഉടമകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കൾ റോഡ് ഉപരോധിച്ചത്. ടൗൺ ഡി.എസ്.പി.യും സംഘവും സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും വഴങ്ങാൻ തയ്യാറാകാത്ത സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത്‌ നീക്കി.