ഈറോഡ്: ഈറോഡ്, നാമക്കൽ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആറുപേർ പോലീസ് പിടിയിലായി. ഇവരിൽനിന്ന് 105 പവന്റെ ആഭരണങ്ങളും മോഷണത്തിനുപയോഗിക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തു.

കഴിഞ്ഞദിവസം ഈറോഡ് സോളാറിൽ വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തിൽ വന്ന മധുര തിരുമംഗലം നിവാസി വെങ്കിടേശ്വരൻ (30), രാമനാഥപുരം പരമക്കുടിയിൽ താമസിക്കുന്ന അയ്യപ്പൻ (32) എന്നിവരെ സംശയാസ്പദമായി പിടികൂടി പോലീസ് ചോദ്യം ചെയ്തിരുന്നു. മോഷ്ടാക്കളാണെന്ന് സമ്മതിച്ച ഇവരിൽനിന്ന് 42 പവൻ ആഭരണങ്ങൾ കണ്ടെത്തി. ഇതിനിടയിൽ ഈറോഡ് മാമരത്തുപാളയത്തുള്ള ഒരു വീട്ടിൽ മൂന്നുപേർ സംശയാസ്പദമായ രീതിയിൽ താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതനുസരിച്ച് പോലീസ് സ്ഥലത്തെത്തി തഞ്ചാവൂർ വിസ്മപേട്ടയിൽ താമസിക്കുന്ന മുത്തുരാജ് (31), രാമനാഥപുരം മണ്ഡപം വാഴത്തെരുവിൽ താമസിക്കുന്ന മഹേന്ദ്രൻ (28), തിരുപുല്ലാനിയിൽ താമസിക്കുന്ന മണികണ്ഠൻ (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് 46 പവന്റെ ആഭരണങ്ങൾ പോലീസ് കണ്ടെത്തി. ഇതുകൂടാതെ ചെന്നിമല അമ്മപ്പാളയത്തിൽ താമസിക്കുന്ന മോഷ്ടാവ് ബാലാജി പോലീസ് പിടിയിലായി. ഇയാളിൽനിന്ന്‌ 17 പവന്റെ ആഭരണങ്ങളും പോലീസ് കണ്ടെത്തി. ആകെ 105 പവൻ ആഭരണങ്ങളും രണ്ട്‌ ഇരുചക്ര വാഹനങ്ങളും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു.

മോഷണവസ്തുക്കളുടെ യഥാർഥ ഉടമകളെ കണ്ടെത്തി കൈമാറുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ശക്തിഗണേശൻ അറിയിച്ചു. മോഷ്ടാക്കളെ റിമാൻഡ് ചെയ്തു.