ഷൊർണൂർ: പുഴയിലെ വെള്ളം തെളിയാത്തതിനാൽ നിർത്തിയ ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം ഇനിയും പുനഃസ്ഥാപിച്ചില്ല. പൈപ്പിലെ വെള്ളം മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾക്കിത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. പലമേഖലകളിലും പൈപ്പ് വെള്ളത്തിനായി കാത്തിരിക്കുന്നതായും നിരത്തിയ കുടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ജല അതോറിറ്റിയുടെ കുടിവെള്ളവിതരണമാണ് മാലിന്യം കലർന്നെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതൽ നിർത്തിയത്.
പുഴയിൽ വെള്ളം ഉയരുകയും ചെളികലരുകയും ചെയ്തതോടെയാണ് കുടിവെള്ളവിതരണം നിർത്തിയതെന്നാണ് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. ഷൊർണൂർ, തിരുവേഗപ്പുറ, പരുതൂർ, കൊപ്പം, വിളയൂർ തുടങ്ങിയ മേഖലകളിലെ കുടിവെള്ളവിതരണമാണ് നിർത്തിയിരിക്കുന്നത്. കനത്തമഴ തുടരുന്നതിനാൽ പുഴയിലെ വെള്ളം വേഗത്തിൽ തെളിയുമെന്ന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്.