ഷൊർണൂർ : കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ ശ്മശാനത്തിൽ അർധരാത്രിയും ചിതയണയുന്നില്ല. പകൽ ആറ് മണിവരെ പ്രവർത്തിച്ചിരുന്ന ശ്മശാനം ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. മുഴുവൻ സമയം പ്രവർത്തിക്കണമെന്ന് സർക്കാർ നിർദേശവുമുണ്ട്.

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് കോവിഡ് ബാധിച്ചയാളുടെ മൃതദേഹം ഷൊർണൂരിൽ സംസ്‌കരിച്ചത്.

മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള മൃതദേഹങ്ങളിവിടെ എത്തുന്നുണ്ട്. ഏഴ് ദിവസത്തിനിടെ 94 മൃതദേഹം സംസ്‌കരിച്ചതിൽ 67 പേരും കോവിഡ് ബാധിച്ച് മരിച്ചവരായിരുന്നു. നാലാം തീയതി 16 പേരെ സംസ്‌കരിച്ചതിൽ 13 പേരും ആറാം തീയതി 12 പേരിൽ 11 പേരും കോവിഡ് ബാധിച്ച് മരിച്ചവരാണ്. ഏഴിന് എത്തിയ 16 പേരിൽ 15 പേരും കോവിഡ് ബാധിച്ചാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിക്കുന്നവരുൾപ്പെടെ സംസ്‌കരിക്കാൻ ഷൊർണൂരിലേക്കാണെത്തിക്കുന്നത്.

മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാൻ സ്ഥലമില്ലെന്നതാണ് കാരണം. ബന്ധുക്കൾ നേരിട്ട് കോവിഡ് മാനദണ്ഡങ്ങളോടെ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് ശ്മശാന നടത്തിപ്പുകാരെ ബന്ധപ്പെടുന്നത്. മാർച്ചിൽ 149 പേരെ സംസ്‌കരിച്ചതിൽ 20 പേരാണ് കോവിഡ് ബാധിച്ച് മരിച്ചവർ. ഏപ്രിൽ 167 പേരെ സംസ്‌കരിച്ചതിൽ 48 പേർ കോവിഡ്‌ ബാധിച്ചാണ്. അതേസമയം, മേയ് ഏഴ് ദിവസം പിന്നിട്ടപ്പോൾ 67 പേർ കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ് കണക്ക്.

കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ പലരുടെയും മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുവരുന്നത് പൊതുപ്രവർത്തകരും യുവാക്കളുമാണ്. ഷൊർണൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാളുടെ ബന്ധുക്കളെല്ലാം കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായതിനാൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരെത്തി മൃതദേഹം ശ്മശാനത്തിലെത്തിച്ചു. രാജേഷ്‌പോൾ, വിവേക്, ബാലു, രഞ്ജിത്ത് എന്നിവരാണ് മൃതദേഹം വീട്ടിൽ നിന്നും ശ്മശാനത്തിലേക്കെത്തിച്ചത്.