ഒറ്റപ്പാലം : രാജ്യത്തെ പ്രതിരോധരംഗത്തെ ഏക പാർക്കായ ഒറ്റപ്പാലം കിൻഫ്ര പ്രതിരോധ പാർക്കിൽ ആദ്യകമ്പനി പ്രവർത്തനം തുടങ്ങി. തോക്കുകൾക്കകത്തെ തെർമൽവെപ്പൺ സൈറ്റ് നിർമിക്കുന്ന കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. പ്രതിരോധപാർക്കിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിലാണ് കമ്പനിക്ക് കിൻഫ്ര സ്ഥലമനുവദിച്ചിട്ടുള്ളത്. ബ്ലോക്കിലെ 1,900 ചതുരശ്രയടി സ്ഥലത്താണ് യൂണിറ്റുള്ളത്.

ഡിപാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇന്റേണൽ ട്രേഡ് ലൈസൻസ് നേടിയ ഒസാക്കോ എന്ന കമ്പനിയാണ് ഒറ്റപ്പാലത്ത് പ്രവർത്തനം തുടങ്ങിയത്. ഇരുട്ടിലും വെടിയുതിർക്കേണ്ട എതിരാളിയെ കാണാനായി തോക്കുകളിൽ ഉപയോഗിക്കുന്ന ഉപകരണമാണ് തെർമൽവെപ്പൺ സൈറ്റ്. എ.കെ. 47 ഉൾപ്പെടെയുള്ള തോക്കുകളിൽ ഇവ ഉപയോഗിക്കാനാകുമെന്ന് കമ്പനി എം.ഡി. സിറിയക് പയസ് പറയുന്നു.

സാങ്കേതിക ഉപകരണങ്ങൾ വിദേശരാജ്യങ്ങളിൽനിന്നെത്തിച്ച് ഗവേഷണവും നിർമാണവും കേരളത്തിൽത്തന്നെ നടത്തുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണിത്. പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർസ്ഥാപനങ്ങൾക്ക് മാത്രമാണ് ഉപകരണം വിൽപ്പന നടത്തുക. ഇതിനായി കമ്പനി അധികൃതർ കേരളാ പോലീസിനെയുൾപ്പെടെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രതിരോധപാർക്കിന്റെ ഉദ്ഘാടനം പൂർത്തിയായത്. എന്നാൽ ഈ ഒരു കമ്പനിമാത്രമാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. പ്രതിരോധപാർക്കിന് പുറത്ത് വ്യവസായ പാർക്ക് പരിധിയിലാണെങ്കിലും ഐ.എസ്.ആർ.ഒ.യ്‌ക്ക് ചെറിയ ഉപകരണങ്ങളുണ്ടാക്കുന്ന കമ്പനിയും നേരത്തേ പ്രവർത്തനം തുടങ്ങിയിരുന്നു. ഒറ്റപ്പാലം കിൻഫ്ര പ്രതിരോധപാർക്കിൽ നിർമിക്കുന്ന തെർമൽവെപ്പൺ സൈറ്റ്