കോയമ്പത്തൂർ: മഹാശിവരാത്രിയെ ധന്യമാക്കാൻ ആയിരക്കണക്കിന്‌ ശിവഭക്തന്മാർ കോയമ്പത്തൂർ ഈഷാ കേന്ദ്രത്തിൽ ഒത്തുചേർന്നു. ഉപരാഷ്‌ട്രപതി എൻ. വെങ്കയ്യനായിഡു വിശിഷ്ടാതിഥിയായി എത്തിയിരുന്നു.

വെള്ളിയങ്കിരിമലയിലും അടിവാരത്തിലും ആരാധകരുടെ തിരക്കായിരുന്നു. സന്ധ്യയ്ക്കുശേഷം തുടങ്ങിയ പരിപാടികൾ നേരം പുലരുംവരെ നീണ്ടു.

ശിവരാത്രി മതപരമായ ആചാരമല്ലെന്നും മനുഷ്യനെ നേർവഴിക്ക്‌ നയിക്കുന്ന ധ്യാനമാണെന്നും ഈഷായോഗ കേന്ദ്രം സ്ഥാപകൻ സദ്‌ഗുരു ജഗ്ഗി വാസുദേവ്‌ പറഞ്ഞു.

പ്രഭാഷണത്തിനുശേഷം ധ്യാനത്തിലും ഗുരു പങ്കുചേർന്നു. ഉപരാഷ്‌ട്രപതിയോടൊപ്പം മണ്ഡപത്തിൽ പ്രദക്ഷിണം നടത്തി.

ഉപരാഷ്‌ട്രപതിയുടെ സന്ദർശനംകാരണം നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അയ്യായിരത്തോളം പോലീസുകാരെയും പ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചിരുന്നു.

യോഗ രാഷ്ട്രീയപ്രവർത്തനമല്ല -വെങ്കയ്യ നായിഡു

കോയമ്പത്തൂർ: യോഗ രാഷ്ടീയപ്രവർത്തനമല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നാം എല്ലാവരും യോഗ ശീലിക്കണം. അതിന്റെ പ്രചാരണത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈഷാ യോഗ സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ ഒരു മതമല്ല, ശാസ്ത്രമാണ്. ആത്മനിയന്ത്രണമാണ് ഇപ്പോൾ ലോകനന്മയ്ക്ക്‌ ആവശ്യം. യോഗ നയിക്കുന്നതും ആത്മനിയന്ത്രണത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.