പാലക്കാട് : വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മൂന്നുപേരുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കുമായി കണ്ടെത്തിയത്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ വെള്ളൂർ രമേശിന്റെ മകൻ സഞ്ജയ് (16), ഫേസ് ടു തെരുവ് ജോസഫിന്റെ മകൻ ആന്റോ (16), കാമരാജ്നഗർ ഷൺമുഖന്റെ മകൻ പൂർണേഷ് (16) എന്നിവരാണ് ഡാമിലെ വെള്ളത്തിൽ മുങ്ങിമരിച്ചത്. തിരച്ചിലിനിടെ ചൊവ്വാഴ്ച രാവിലെയാണ് പൂർണേഷിന്റെ മൃതദേഹവും ഉച്ചയ്ക്ക് 12.30-ഓടെ മറ്റുരണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഡാമിന്റെ തമിഴ്നാട് പിച്ചനൂർ ഭാഗത്താണ് അപകടമുണ്ടായത്. കോയമ്പത്തൂർ മലുമിച്ചാൻപെട്ടി ഒറ്റക്കാൽമണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക്കിലെ വിദ്യാർഥികളും സഹപാഠികളുമായ അഞ്ചംഗസംഘമാണ് ഡാമിൽ കുളിക്കാനെത്തിയത്. സംഘത്തിലെ സഞ്ജയ് വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കുന്നതിനിടെയാണ് ആന്റോയും പൂർണേഷും അപകടത്തിൽപ്പെട്ടത്.

ഇവരോടൊപ്പമെത്തിയ സുന്ദരാപുരം സ്വദേശികളായ രാഹുൽ, പ്രണവ് എന്നിവർ രക്ഷപ്പെട്ടു. ഇവരാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് ചിറ്റൂരിൽനിന്നെത്തിയ സ്കൂബ ടീമും പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരുമെല്ലാം ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥികളെ കണ്ടെത്താനായില്ല. ഇരുട്ടായതോടെ തിരച്ചിൽ ദുഷ്കരമായി. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഉൾപ്പെടെ വൻ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

വീണ്ടും ചൊവ്വാഴ്ച രാവിലെ തിരച്ചിൽ തുടങ്ങാനിരിക്കെയാണ് പൂർണേഷിന്റെ മൃതദേഹം വെള്ളത്തിൽനിന്ന് പൊങ്ങിവന്നത്. ചൊവ്വാഴ്ചത്തെ തിരച്ചിലിന് കൊച്ചിയിൽനിന്നുള്ള നേവി സംഘവുമെത്തി. മലപ്പുറത്തുനിന്നുള്ള സന്നദ്ധപ്രവർത്തകരുൾപ്പെടെ എൺപതോളം പേർ ചേർന്നുനടത്തിയ തിരച്ചിലിനിടെയാണ് ഉച്ചയോടെ ആന്റോയുടെയും സഞ്ജയുടെയും മൃതദേഹം കണ്ടെത്തിയത്. സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായിരുന്നു മരിച്ച മൂന്നുപേരും. അപകടവിവരമറിഞ്ഞ് തമിഴനാട്ടിലെ ഇവരുടെ ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ വലിയ സംഘമാണ് വാളയാർഡാം പരിസരത്തെത്തിയത്.

നെഞ്ചുപിടഞ്ഞ് രക്ഷിതാക്കൾ

മക്കൾവരുന്നതുംനോക്കി വീട്ടിൽ കാത്തിരുന്ന രക്ഷിതാക്കൾ ഒരിക്കലും പ്രതീക്ഷിക്കാതെയായിരുന്നു ആ ഫോൺവിളിയെത്തിയത്. വാളയാർഡാമിൽ വെള്ളത്തിൽ വീണെന്ന വിവരമായിരുന്നു ഇവർക്ക് ലഭിച്ചത്. അപ്പോഴും അവരെ മരണം കൊണ്ടുപോയ വിവരം ആരുമറിഞ്ഞില്ല. വെള്ളത്തിൽ കാണാതായ സഞ്ജയുടെ അച്ഛൻ രമേശിനെയും പൂർണേഷിന്റെയും വീട്ടിലും വിവരമറിയിച്ചിരുന്നു. വൈകാതെ ഇവരും മക്കളെത്തേടി വാളയാറിലേക്ക് ഓടിയെത്തി.

കോയമ്പത്തൂരിൽനിന്ന് ഓടിപ്പിടഞ്ഞ് വാളയാറിലെത്തിയ ആന്റോയുടെ അച്ഛൻ ജോസഫ് കണ്ടത് ഡാമിന്റെ കരയിൽ തടിച്ചൂകൂടിയ ജനക്കൂട്ടമായിരുന്നു. ജോസഫിന്റെ ഏക മകനായിരുന്നു മരിച്ച പതിനാറുകാരൻ ആന്റോ. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഇവരുടെ സുഹൃത്തുക്കളായ രാഹുലും പ്രണവും അപകടത്തിന്റെ ഞെട്ടലിലിൽനിന്ന് വീട്ടുമാറിയിട്ടില്ല. നിറകണ്ണുകളോടെ, അതിലേറെ ഭയത്തോടെയാണ് സംഭവങ്ങൾ വിവരിച്ചുനൽകിയത്.

തിങ്കളാഴ്ച തിരച്ചിൽനടത്തുമ്പോഴും അവർ രക്ഷപ്പെട്ടുകാണുമെന്ന പ്രത്യാശയിലായിരുന്നു മാതാപിതാക്കൾ. ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തുംവരെയും മക്കൾ മരിച്ചെന്ന സത്യം അവർ വിശ്വസിച്ചിരുന്നില്ല. വെള്ളത്തിൽനിന്ന് മൃതദേഹങ്ങൾ കൊണ്ടുവരുമ്പോൾ നെഞ്ചുപൊട്ടിക്കരയാൻമാത്രമേ ഇവർക്കായുള്ളൂ. വേദന അടക്കാനാവാതെ മയങ്ങിവീണ ജോസഫിനെയും രമേശിനെയും ബന്ധുക്കൾ താങ്ങിയെടുത്താണ് മടങ്ങിയത്.

കോയമ്പത്തൂർ മലുമിച്ചാൻപട്ടി ഒറ്റക്കാൽമണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക്കിലെ വിദ്യാർഥികളും സഹപാഠികളുമായിരുന്നു മരിച്ച മൂന്നുപേരും. കോവിഡ് കാലത്തെ അടച്ചിടലിൽനിന്ന് അല്പം വിശ്രമിക്കാനെത്തിയതായിരുന്നു ഇവിടെ. അപകടങ്ങൾ പതിയിരിക്കുന്ന ചതിക്കുഴിയാണിവിടെ. തമിഴ്നാട്ടിൽനിന്നുള്ളവരാണ് ഇവിടെ അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. കഴിഞ്ഞ അഞ്ചുവർഷത്തിൽ മാത്രം 17 തമിഴ്നാട്ടുകാരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. 2018-ൽ വാളയാർ ഡാമിൽ അഞ്ചുപേർ വെള്ളത്തിൽപ്പെട്ട് മരിച്ചതിന്റെ ഓർമകൾ മായുംമുമ്പെയാണ് വീണ്ടും ഒരു ദുരന്തംകൂടി സംഭവിച്ചത്.