ചെന്നൈ : ഭക്ഷണം കഴിച്ചതിന് പണംചോദിച്ച ഹോട്ടലുടമയെ, വർഗീയകലാപമുണ്ടാക്കും എന്ന് ഭീഷണിപ്പെടുത്തിയ രണ്ട് ബി.ജെ.പി. പ്രവർത്തകരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.
ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ട്രിപ്ലിക്കേൻ സ്വദേശികളായ പുരുഷോത്തമൻ (32), ഭാസ്കർ (30) എന്നിവരാണ് പിടിയിലായത്. പുരുഷോത്തമൻ ബി.ജെ.പി.യുടെ ട്രിപ്ലിക്കേൻ സെക്രട്ടറിയും ഭാസ്കരൻ ട്രിപ്ലിക്കേൻ വെസ്റ്റ് സെക്രട്ടറിയുമാണ്. സംഘത്തിലുണ്ടായിരുന്ന ബി.ജെ.പി. പ്രവർത്തകനായ സൂര്യ ഒളിവിലാണ്.
മുഹമ്മദ് അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ കഴിഞ്ഞദിവസം രാത്രി ഏറെവൈകിയാണ് ഇവർ എത്തിയത്. മദ്യപിച്ചിരുന്ന സംഘം ചിക്കൻ ഫ്രൈഡ് റൈസ് നൽകാൻ ആവശ്യപ്പെട്ടു. കട അടയ്ക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും മൂവർസംഘം അതുസമ്മതിക്കാതെ ബി.ജെ.പി. പ്രവർത്തകരാണെന്ന് പറഞ്ഞ് നിർബന്ധിച്ച് ഭക്ഷണം പാകംചെയ്യിച്ചു.
പിന്നീട് ഭക്ഷണംകഴിച്ചതിന് ശേഷം ബിൽനൽകിയപ്പോൾ പണം നൽകാൻ തയ്യാറായില്ല. അത് ചോദ്യംചെയ്തതോടെ അബൂബക്കറിനെ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്‌സണൽ സെക്രട്ടറിയെ വിളിക്കുമെന്നും താൻവിളിച്ചാൽ വരാൻ ആയിരംപേർ തയ്യാറായിരിക്കുകയാണെന്നും വർഗീയ കലാപമുണ്ടാക്കുമെന്നും ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. അതോടെ അബൂബക്കർ പോലീസിനെ വിളിച്ചുവരുത്തി.
സ്ഥലത്തെത്തിയ ഐസ്ഹൗസ് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി.ജെ.പി. നേതാക്കളാണെന്നപേരിൽ പണംനൽകാതെ ട്രിപ്ലിക്കേനിലും ഐസ്ഹൗസിലുമുള്ള ഹോട്ടലുകളിൽനിന്ന് ഇവർ ഭക്ഷണം കഴിക്കുന്നത് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേകടയിൽനിന്ന് കഴിഞ്ഞയിടെ 850 രൂപയ്ക്ക് ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ പോയിരുന്നു. ഈസംഭവത്തിൽ അബൂബക്കർ നൽകിയ പരാതിയിലാണ് പുരുഷോത്തമനെയും ഭാസ്കറെയും അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള സൂര്യയ്ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
മാപ്പുചോദിച്ച് ഖുശ്ബു
ബി.ജെ.പി. പ്രവർത്തകർ ഹോട്ടലിൽ ബഹളമുണ്ടാക്കിയതിൽ ക്ഷമചോദിക്കുന്നതായി പാർട്ടി നേതാവും നടിയുമായ ഖുശ്ബു പ്രതികരിച്ചു. അവർ മദ്യപിച്ചിരുന്നതായാണ് മനസ്സിലാക്കുന്നത്. ഇത്തരം രീതികൾ ബി.ജെ.പി. അംഗീകരിക്കില്ല. അതിക്രമത്തിന് മാപ്പുചോദിക്കുന്നതായും അവർ പറഞ്ഞു.