തൃത്താല : കൂറ്റനാട് -പട്ടാമ്പി പാതയിൽ കൂട്ടുപാത സെന്ററിൽ പാതയോരത്തെ മരത്തിന് മുകളിൽ തമ്പടിച്ച പക്ഷിക്കൂട്ടം മൂലം പൊറുതിമുട്ടുകയാണ് വ്യപാരികളും വഴിയാത്രക്കാരും. കൂട്ടുപാത സെന്ററിൽ റോഡരികിലായി നിൽക്കുന്ന തണൽമരത്തിലും സമീപത്തെ പ്ലാവിന്റെ മുകളിലും നൂറുകണക്കിന് കൊറ്റികളും നീർക്കാക്കകളും താവളമാക്കിയതോടെ പക്ഷിവിസർജ്യം ശരീരത്തിൽ വീഴാതെ ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥയിലായി. പക്ഷി വിസർജ്യം വീണ് റോഡും കെട്ടിടങ്ങളുടെ മേൽക്കൂരകളും കച്ചവടസ്ഥാപനങ്ങളുടെ മുൻവശവുമെല്ലാം വെള്ളച്ചായം പൂശിയ നിലയിലായി.

ഒരേസമയം നൂറുകണക്കിന് വെള്ളക്കൊറ്റികളും നീർക്കാക്കകളുമാണ് പകൽ സമയങ്ങളിൽ മരത്തിന് മുകളിൽ കഴിച്ചുകൂട്ടുന്നത്. ഇവ കൂടൊരുക്കുന്നതും കുഞ്ഞുങ്ങളെ വിരിയിക്കുന്നതുമെല്ലാം പാതയോരത്തെ ഈ മരങ്ങൾക്ക് മുകളിൽ തന്നെയാണ്.

നിലവിൽ ഇരുപതിലേറെ കൂടുകളും അവയ്ക്കുള്ളിൽ കുഞ്ഞുങ്ങളും ഒരു മരത്തിന് മുകളിൽ മാത്രമായുണ്ട്. പക്ഷി വിസർജ്യവും മുട്ടത്തോടുകളും ചത്ത് പുഴുവരിച്ച പക്ഷികളുടെ ശരീരങ്ങളും റോഡിൽ നിറഞ്ഞ് കിടക്കുകയാണ്.

പരിസരത്ത് മുഴുവൻ ദുർഗന്ധവും നിലനിൽക്കുന്നുണ്ട്. പൊതുനിരത്തിനരികിലെ മരമായതിനാൽ ശിഖരങ്ങൾ പോലും വെട്ടിമാറ്റാൻ നാട്ടുകാർക്കാവുന്നില്ല. മരങ്ങൾക്ക് സമീപത്തെ കടകൾ അടച്ചുപൂട്ടേണ്ട ഗതികേടിലാണ് തങ്ങളെന്ന് വ്യാപരികൾ പറയുന്നു.

ദുർഗന്ധവും, പക്ഷിവിസർജ്യം ദേഹത്തേക്ക് വീഴുമെന്ന ഭീതിയിലും ആളുകൾ ഈ ഭാഗത്തെ കടകളിലേക്ക്‌ പ്രവേശിക്കാതെയായി.പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടികളെന്തെങ്കിലും സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.