കാഞ്ഞിരപ്പുഴ : ബിവറേജസ് കോർപറേഷന്റെ കാഞ്ഞിരം വില്പനശാലയിൽ നിന്നും ബാങ്കിലടയ്ക്കാൻ വിട്ട പണവുമായി മുങ്ങിയ ജീവനക്കാരൻ പോലീസ് പിടിയിലായി. വിൽപ്പനശാലയിലെ സ്ഥിരം ജീവനക്കാരൻ ആലത്തൂർ വാനൂർ ചെമ്മക്കാട് വീട്ടിൽ ഗിരീഷിനെയാണ്‌ (40) ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും നഷ്ടപ്പെട്ട മുഴുവൻ തുകയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ആലത്തൂർ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് മണ്ണാർക്കാട് സി.ഐ. അജിത്കുമാറും എസ്.ഐ. ജസ്റ്റിനും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് 31,25,240 രൂപയുമായി ഗിരീഷിനെ കാണാതായത്. നാലുദിവസത്തെ മദ്യം വിറ്റ വകയിലെ പണവുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗിരീഷ് ചിറക്കൽപ്പടിയിലെ സ്റ്റേറ്റ് ബാങ്കിന്റെ ശാഖയിൽ പണം നിക്ഷേപിക്കാനായി പോയിരുന്നു. മൂന്നുമണി ആയിട്ടും ഇയാളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് വിൽപ്പനശാലയിലെ ചുമതലയിലുണ്ടായിരുന്ന ജയചന്ദ്രൻ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് പണം ബാങ്കിൽ അടച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് മണ്ണാർക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ രണ്ടുവർഷമായി ഔട്ട് ലെറ്റിലെ ക്ലാർക്കായി ജോലിചെയ്യുകയാണ് ഗിരീഷ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് എന്നും ഈ പണം താൻ എടുക്കുകയാണെന്നും ഗിരീഷ് വില്പനശാല ഉദ്യോഗസ്ഥന് ശബ്ദസന്ദേശം അയച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗിരീഷ് പിടിയിലാവുന്നത്.