പാലക്കാട്: നെല്ലിയാമ്പതിയിൽ പറക്കുന്നതിനിടെ വീണ് ഒറ്റപ്പെട്ടുപോയ മലമുഴക്കിവേഴാമ്പൽകുഞ്ഞ് ഒടുവിൽ പൂർണാരോഗ്യത്തോടെ നെല്ലിയാമ്പതി കാട്ടിൽ ഇനി കൂട്ടരോടൊപ്പം വിഹരിക്കും. വനം വകുപ്പിന്റെ അകമല വനചികിത്സാകേന്ദ്രത്തിലെ ഒരുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കും പരിപാലനത്തിനും ശേഷം ആരോഗ്യം വീണ്ടെടുത്ത വേഴാമ്പൽ കുഞ്ഞിനെ ചൊവ്വാഴ്ച നെല്ലിയാമ്പതി വനത്തിലെ തൂത്തമ്പാറ വനമേഖലയിൽ തുറന്നുവിട്ടു.

പറക്കലിനിടെ മുറിവേറ്റ് ഒറ്റപ്പെട്ടുപോയ വേഴാമ്പൽ കുഞ്ഞിനെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുറന്നുവിടുന്നത് സംസ്ഥാനത്തുതന്നെ അപൂർവ സംഭവമാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ തൃശ്ശൂർ ഫോറസ്റ്റ് ഡിവിഷനിലെ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് അബ്രഹാം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഡോക്ടറോടൊപ്പം വേഴാമ്പൽ കുഞ്ഞിനെ തുറന്നുവിടാൻ കാട്ടിലേക്ക് പോയ നെല്ലിയാമ്പതി വനപാലകസംഘത്തിലെ അംഗങ്ങളും പക്ഷിക്കുഞ്ഞിനെ രക്ഷിക്കാനായതിൽ ഏറെ സന്തോഷം പ്രകടിപ്പിച്ചു.

നെല്ലിയാമ്പതി റേഞ്ച് ഓഫീസർ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂലായ് 16-ന് നെല്ലിയാമ്പതി ഫോറസ്റ്റ് റോഡിൽ പരിക്കേറ്റ നിലയിൽ നാല് മാസത്തോളം പ്രായമുള്ള പെൺവേഴാമ്പൽ കുഞ്ഞിനെ കണ്ടെത്തിയത്. സംരക്ഷണം ഏറെ ആവശ്യമുള്ള ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന വേഴാമ്പൽ കുഞ്ഞിനെ വനപാലകർ തൃശ്ശൂർ വടക്കാഞ്ചേരി അകമലയ്ക്ക് അടുത്തുള്ള വനചികിത്സാ കേന്ദ്രത്തിലെത്തിച്ചു. നെഞ്ചിനും ചിറകിനും നേരിയ പരിക്കുണ്ടായിരുന്ന വേഴാമ്പൽ കുഞ്ഞിന് ഡോ. ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആവശ്യമായ ചികിത്സകൾ നൽകിയത്. ആരോഗ്യം വീണ്ടെടുത്ത പക്ഷിക്കുഞ്ഞിന് പറക്കാനാവുമെന്ന് കണ്ടെത്തിയതോടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കാട്ടിൽ തുറന്നുവിടാൻ (സോഫ്റ്റ് റിലീസ്) അനുമതി നൽകി. ഇതേത്തുടർന്ന് 16-ന് പക്ഷിക്കുഞ്ഞിനെ നെല്ലിയാമ്പതിയിലെത്തിച്ച് വലിയ കൂട്ടിലേക്ക് മാറ്റി.

വലിയ കൂട്ടിൽ ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം നെല്ലിയാമ്പതിയിലെ കാലാവസ്ഥയുമായി ഇണങ്ങിത്തുടങ്ങിയ വേഴാമ്പൽ കുഞ്ഞ് പുറത്തിറങ്ങിയതോടെ തൂത്തമ്പാറ വനമേഖലയിൽ എത്തിച്ച് തുറന്ന് വിടുകയായിരുന്നു. ആയിരത്തോളം വേഴാമ്പലുകളുള്ള മേഖലയിൽ കൂട്ടരുമായി ഇണങ്ങിച്ചേരാൻ കുഞ്ഞിന് അധികസമയം വേണ്ടിവരില്ലെന്നാണ് പ്രതീക്ഷ. സ്വന്തമായി ഇരതേടാനാവാതെ വേഴാമ്പൽ കുഞ്ഞ് തിരിച്ചുവന്നാൽ ഭക്ഷണം നൽകുന്നതടക്കമുള്ളവ വീണ്ടും തുടരുമെന്ന് വനപാലകർ പറഞ്ഞു.