ഊട്ടി : കൂട്ടംതെറ്റി കുഴിയിൽവീണ് അമ്മയെ പിരിഞ്ഞ പിടിയാനക്കുട്ടിയെ വനപാലകർ അമ്മയുടെ അടുത്തേക്ക് എത്തിച്ചു. നീലഗിരി ജില്ലയിലെ പന്തലൂർ ഗോൾഡ് മൈനസ് വനമേഖലയിലാണ് കൂട്ടംതെറ്റി കഴിഞ്ഞദിവസം ഒരുമാസം പ്രായംവരുന്ന കുട്ടിയാന കുഴിയിൽ വീണത്.

ദേവാലയിലെ സ്വര്‍ണം ഖനനം ചെയ്തിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ ആനക്കുട്ടിക്കാണ് വനപാലകര്‍ തുണയായത്. പന്തല്ലൂര്‍ ദേവാല മലയിലെ തുരങ്കത്തില്‍നിന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ ആനക്കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നു. പരിസരപ്രദേശങ്ങളില്‍ ആനക്കൂട്ടത്തെ കാണാനുണ്ടായിരുന്നില്ല. തീറ്റ തേടുന്നതിനിടയില്‍ തുരങ്കത്തില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിക്കാൻ കഴിയാതെ ആനക്കൂട്ടം തിരിച്ചുപോവുകയായിരുന്നു. 

ബീറ്റ് നടത്തുന്നതിനിടെ വനപാലകർ കുഴിയിൽ വീണ കുട്ടിയാനയെ കണ്ടെത്തി. തുരങ്കത്തിന്റെ വശങ്ങള്‍ ഇടിച്ചുനിരത്തിയാണ് വനപാലകര്‍ കുട്ടിയാനയെ പുറത്തെത്തിച്ചത്. തുടർന്ന്, തള്ളയാനയെ തേടലായി. കുട്ടിയാനയെ കുഴിയിൽനിന്ന്‌ രക്ഷിച്ച് അമ്മയാനയുടെ വരവും കാത്തിരുന്നു. അതിനിടയിൽ മുതുമലയിൽനിന്ന്‌ ഡോക്ടർമാരും പാപ്പാന്മാരും എത്തി. ലാക്ടോജനും ഗ്ലുക്കോസും നൽകി. 

തുടർന്ന്, കുട്ടിയാനയെയും കൂട്ടി വനപാലകർ വനത്തിലേക്ക് യാത്രതിരിച്ചു. യാത്രയിൽ ആനക്കൂട്ടത്തെ കണ്ടു. അക്കൂട്ടത്തിൽ അമ്മയാനയും ഉണ്ടായിരുന്നു. അമ്മയെ കണ്ട കുട്ടിക്കുറുമ്പി അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി. ആനക്കൂട്ടം വനപാലകരെ വിരട്ടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായി രക്ഷപ്പെട്ടു.

content highlights:baby elephant reunites with mother