പാലക്കാട്: ശിശുമരണങ്ങൾ ഉണ്ടാകുന്ന ദിവസങ്ങളിലെ വിവാദങ്ങളും തീരുമാനങ്ങളും പരിഹാര നിർദേശങ്ങളും അട്ടപ്പാടിക്കാർ കേൾക്കുന്നത് ഇതാദ്യമല്ല. 2013 മുതൽ ഈ ശനിയാഴ്ചവരെ ഇതുതന്നെയാണ് അട്ടപ്പാടിക്കാർ കാണുന്നത്. കുട്ടികൾ മരിച്ചതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും ചുമലിൽ ഏൽപ്പല്പിച്ചതുകൊണ്ട് മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണീരുണക്കാനാവില്ല. ഇനി ഒരുമരണംപോലും ഉണ്ടാകാൻ പാടില്ലെന്ന് നിശ്ചയിച്ച് യഥാർഥ പരിഹാരമാണ് അട്ടപ്പാടി ആദിവാസിജനതയുടെ ആവശ്യം.

അട്ടപ്പാടി ആരോഗ്യമേഖലയുടെ പ്രധാന ആശ്രയമാണ് കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി. ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനമാണ് ലക്ഷ്യം.

സ്‌കാൻ ചെയ്യണോ...ഞായറാഴ്ചയാകണം

ഒരുവർഷം ശരാശരി 10,000 ഗർഭിണികൾ അട്ടപ്പാടിയിൽ രജിസ്റ്റർചെയ്യുന്നുണ്ട്. നിലവിൽ ഗർഭിണികൾക്ക് സ്‌കാനിങ് ചെയ്യാനുള്ള സൗകര്യം ഞായറാഴ്ച മാത്രമാണ്. ലക്ഷങ്ങൾമുടക്കി സ്‌കാനിങ് ചെയ്യുന്നതിനുള്ള മെഷീൻ തയ്യാറാക്കിയിട്ടുണ്ടെങ്കിലും റേഡിയോളജിസ്റ്റിനെ നിയമിച്ചിട്ടില്ല. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഗർഭിണികൾക്ക് സ്‌കാൻ ചെയ്യണമെങ്കിൽ മണ്ണാർക്കാട്ടോ കോയമ്പത്തൂരോ എത്തണം. അതിന് രണ്ടുമണിക്കൂറെങ്കിലും വേണ്ടിവരും. ഈ ബുദ്ധിമുട്ടുകാരണം പലരും സ്‌കാനിങ്ങിന് വിധേയമാകാൻ വിസമ്മതിക്കുന്നുമുണ്ട്.

നിലവിൽ മെഡിക്കൽകോളേജുകളിൽ മാത്രമേ എം.ഡി. റേഡിയോളജിസ്റ്റ് തസ്തികയുള്ളൂ. എന്നാൽ, അട്ടപ്പാടി ആരോഗ്യമേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിയമനിർമാണത്തിലൂടെ നിയമനം നടത്തണം. അതുമല്ലെങ്കിൽ കരാറടിസ്ഥാനത്തിലോ ജോലിക്രമീകരണത്തിലോ തസ്തികയിൽ നിയമനംനടത്തണമെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.

വിദഗ്ധചികിത്സ വേണോ...ചുരമിറങ്ങണം

പോഷകക്കുറവ്, അരിവാൾരോഗം തുടങ്ങിയ അസുഖമുള്ള ഗർഭിണികൾ ചികിത്സ തേടിയെത്തിയാൽ ഗുരുതര സാഹചര്യം കണക്കിലെടുത്ത് വിദഗ്ധചികിത്സയ്‌ക്കായി മറ്റ് ആശുപത്രികളിലേക്ക്‌ അയയ്ക്കുകയാണ് പതിവ്. അട്ടപ്പാടി ചുരംകടന്ന് കിലോമീറ്ററുകൾ യാത്രചെയ്യണം വിദഗ്ധചികിത്സ ലഭിക്കാൻ. സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ 10 മുതൽ 15 വർഷംവരെ പരിചയമുള്ള ഡോക്ടർമാരുടെ സേവനം അട്ടപ്പാടി ആരോഗ്യമേഖലയിൽ അത്യാവശ്യമാണ്.

ജനറൽ മെഡിസിൻ, ശസ്ത്രക്രിയാവിഭാഗം, ശിശുരോഗവിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവയ്ക്ക് കൺസൾട്ടന്റ് തസ്തിക സൃഷ്ടിച്ച് നിയമനംനടത്തണം. രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് അയയ്ക്കുന്നത് 90 ശതമാനംവരെ ഒഴിവാക്കാനാകും.

172 കിടക്കയുണ്ട്; പരിചരിക്കാൻ ജീവനക്കാരില്ല

താലൂക്കാശുപത്രി നിലവാരത്തിലുള്ള സ്‌പെഷ്യൽ ആശുപത്രിയാണ് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി. 172 രോഗികളെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ഇവിടെ 54 കിടക്കകൾക്കുള്ള ജീവനക്കാർമാത്രമാണുള്ളത്.

150 മുതൽ 200 വരെ രോഗികളെ ഓരേസമയം കിടത്തിച്ചികിത്സിക്കാറുണ്ട്. ആശുപത്രിയെ 151 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തി, ആവശ്യത്തിന് ജീവനക്കാരെ അധിക തസ്തികയുണ്ടാക്കി നിയമിക്കണം. ആശുപത്രിയിൽ സി.ടി. സ്‌കാൻ, കാർഡിയോളജി വിഭാഗം, കാത്ത്‌ലാബ്, കാൻസർ തെറാപ്പി സെന്റർ പോലെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ഉണ്ട്.