ആനക്കര: കൂടല്ലൂരിൽ നിളയോരത്തെ ’അശ്വതി’യിൽ രണ്ടുദിവസംമുമ്പുതന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. നിളയെക്കാണാൻ കൂടല്ലൂരിൽ എം.ടി. ഒരുക്കിയ വീടും പരിസരവും വൃത്തിയാക്കി ലൈറ്റുകളിട്ടു. അതിഥികൾക്കിരിക്കാൻ കസേരകളും സജ്ജമാക്കി.

കൂടല്ലൂരിലെ നവമാധ്യമ കൂട്ടായ്മയായ ’കൂര്യായിക്കൂട്ടം’ ഒരുക്കുന്ന ’ഹൃദയപൂർവം എം.ടി.’ എന്ന പരിപാടിയിലേക്കാണ് അദ്ദേഹമെത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലും എം.ടി. ജന്മഗ്രാമത്തിലെത്തിയിരുന്നു. പ്രളയത്തിൽ ഭാരതപ്പുഴയിലെ ജലനിരപ്പുയർന്നപ്പോൾ അശ്വതിയിലും അതിന്റെ പ്രതിഫലനമുണ്ടായി. അതിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞപ്പോഴാണ് എം.ടി.യെത്തിയത്.

ഞായറാഴ്ച രാവിലെ 10.30-ഓടെ കൂടല്ലൂരിലെത്തുന്ന എം.ടി. നേരെ ’അശ്വതി’യിലെത്തും. അനന്തിരവളും ആനക്കരപഞ്ചായത്ത് മെമ്പറുമായ എം.ടി. ഗീതയുടെ വീട്ടിലാവും ഉച്ചഭക്ഷണം. എം.ടി.യുടെ ഇഷ്ടവിഭവമായ മീൻകറി ഉൾപ്പെടുത്തും. വേദിയായ കൂടല്ലൂർ ഹൈസ്‌കൂളങ്കണത്തിൽ ശനിയാഴ്ച രാവിലെതന്നെ പരിപാടികൾ തുടങ്ങിയിരുന്നു. പരിപാടികൾക്കായി വലിയ വേദിയും ഒരുക്കിയിട്ടുണ്ട്. സമീപത്ത് ഫോട്ടോഗ്രാഫർ ഡി. മനോജ് വൈക്കത്തിന്റെ ’നാലുകെട്ടും നിളയും’ ഫോട്ടോപ്രദർശനം. നാലുകെട്ട്് നോവൽ പശ്ചാത്തലമിടുന്ന നാട്ടുവഴികളും വീടുകളും മറ്റും പ്രദർശനത്തിൽ ഇടംനേടിയിട്ടുണ്ട്.

എം.ടി.യുടെ നോവലായ ‘നാലുകെട്ടി’ൽ കൂര്യായി അങ്ങാടിയെപ്പറ്റി പറയുന്നുണ്ട്. കൂര്യായി പിന്നീട് കൂടല്ലൂരായി മാറി. ഇതിന്റെ സ്മരണയിലാണ് കൂടല്ലൂരിലെ കൂട്ടായ്മയ്‌ക്ക് ’കൂര്യായിക്കൂട്ടം’ എന്ന പേരിട്ടതെന്ന് പ്രോഗ്രാം കൺവീനർ വി.വി. വിശ്വനാഥൻ പറയുന്നു.

ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം.ടി. വാസുദേവൻനായർ ഉദ്ഘാടനംചെയ്യും. സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. രാവിലെ കവിയരങ്ങും ഉച്ചയ്‌ക്ക് ’നാലുകെട്ടും മലയാള സാഹിത്യവും’ സംവാദവും നടക്കും. അതിനിടക്കെപ്പോഴെങ്കിലും കുമരനല്ലൂരിലെത്തി ജ്ഞാനപീഠം ജേതാവായ അക്കിത്തത്തെ കാണാനെത്തില്ലേ എന്ന ആകാംക്ഷയും വായനക്കാർക്കുണ്ട്. കുമരനല്ലൂർ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളായിരുന്നു ഇരുവരും.