ആനക്കര: ’പഴയൊരില്ലം പൊളിച്ചുവിറ്റ് പുതിയൊരു ഓട്ടോറിക്ഷ വാങ്ങി കെ.എൽ.സി. നൂറ്റിനാലെന്ന്’ പേരിട്ട പുളിമനയ്ക്കൽ കുഞ്ഞുകുട്ടനെക്കുറിച്ച് ആറ്റൂർ രവിവർമയുടെ കവിതയുണ്ട്. പക്ഷേ, ഇത് കവിതയല്ല, കുമ്പിടി മേലെഴിയം പുത്തേടത്ത് കുഞ്ഞുകുട്ടന്റെ ജീവിതമാണ്.

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ സ്വയംതൊഴിൽ വായ്പയെടുത്താണ് കുഞ്ഞുകുട്ടൻ ഓട്ടോവാങ്ങിയത്. 27 വർഷം മുമ്പായിരുന്നു അത്. അന്നുതന്നെ കുഞ്ഞുകുട്ടൻ അതിന് പേരിട്ടു ‘ആർട്ടിക്കിൾ 14’. രാജ്യത്തെ പല നഗരങ്ങളും ഗ്രാമങ്ങളും പൗരത്വ നിയമത്തിന്റെ പേരിൽ സമരമുഖത്ത് നിൽക്കുമ്പോൾ ജാതിമതഭേദമില്ലാതെ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ആർട്ടിക്കിൾ 14 നിയമത്തെ നെഞ്ചേറ്റി കുഞ്ഞുകുട്ടന്റെ ഓട്ടോ സാധാരണക്കാർക്കായി ഓടുന്നു.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഇന്ത്യയ്ക്കകത്ത് എല്ലാവര്‍ക്കും തുല്യപരിരക്ഷയും ഉറപ്പു വരുത്തുന്ന ആർട്ടിക്കിൾ 14 എസ്.എസ്.എൽ.സി. പഠനകാലത്താണ് കുഞ്ഞുകുട്ടൻ മനസ്സിൽ കുറിച്ചിടുന്നത്. അന്നുതന്നെ ഭാവിയിൽ ഒരു വാഹനം വാങ്ങുകയാണെങ്കിൽ വാഹനത്തിന് ഈ നിയമത്തിന്റെ പേര് നൽകുമെന്ന് ഉറപ്പിച്ചു. പ്രീഡിഗ്രി പഠനശേഷം സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷ വാങ്ങി. അന്ന് സുഹൃത്തും ചിത്രകാരനുമായ വി.പി. സുരേഷാണ് പേര് എഴുതിയത്. പിന്നീട് ഓട്ടോ പലതവണ മാറിമാറി വാങ്ങിയെങ്കിലും ആർട്ടിക്കിൾ 14 എന്ന പേരിന് കുഞ്ഞുകുട്ടൻ മാറ്റം വരുത്തിയിട്ടില്ല.

പേരു കണ്ട് കൗതുകം തോന്നി എന്താണ് ആർട്ടിക്കിൾ എന്ന് ചോദിക്കുന്നവർക്കെല്ലാം വിശദമായ മറുപടിയും കിട്ടും. ഓട്ടോ ഓടിക്കുന്നതിന് പുറമേ കൃഷിയിലും പൊതുപ്രവർത്തനത്തിലും മുന്നിലാണ് കുഞ്ഞുകുട്ടൻ. കുറ്റിപ്പുറം റോഡിലെ ആലിൻചുവട്‌ മുതൽ പള്ളിപ്പടി വരെയുള്ള റോഡരികിലെ തണൽമരങ്ങളെയെല്ലാം വേരുപിടിപ്പിച്ചത് കുഞ്ഞുകുട്ടന്റെ കൈകളാണ്.

ആനക്കര പഞ്ചായത്തിലെ മേലെഴിയം പുത്തേടത്ത് വളപ്പിൽ പരേതരായ ചാത്തയുടെയും കാളിയുടെയും മകനാണ് കുഞ്ഞുകുട്ടൻ. ഭാര്യ വിജയയും ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പവിത്രയും ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി വിശ്വജിത്തുമടങ്ങുന്ന കുടുംബം കുഞ്ഞുകുട്ടന്റെ പ്രവർത്തനങ്ങൾക്കൊപ്പമുണ്ട്.

Content Highlights: 1rticle 14 is the name autorikshaw owned by Kunjukuttan