കോയമ്പത്തൂർ : തമിഴിലെ സർവവിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ് മാർക്സിയൻ സൈദ്ധാന്തികനായിരുന്നു കോവൈ ജ്ഞാനി. അരനൂറ്റാണ്ടായി തമിഴ്ഭാഷാസാഹിത്യത്തിന്റെ നെടുംതൂൺ വിടവാങ്ങിയത് തമിഴ് സാഹിത്യലോകത്തെ പിടിച്ചുലച്ചു. 32 വർഷമായി ഭാഷയുടെ ജ്ഞാനപ്രകാശമായിരുന്നു എഴുത്തിലും വാക്കിലും അദ്ദേഹം ചൊരിഞ്ഞത്. ഭാരതത്തിലെ സർവകലാശാലകളിലെ തമിഴ് വിഭാഗങ്ങളിൽ ഇദ്ദേഹത്തിന്റെ പുസ്തകങ്ങളും ശിഷ്യരും നിരവധി കാണും.

കോയമ്പത്തൂരിലെ സോമന്നൂറിൽ 1935 ലായിരുന്നു ജനനം. കൃഷ്ണസ്വാമി-മാരിയമ്മാൾ ദമ്പതിമാരുടെ എട്ട് മക്കളിൽ ഒരാളായിരുന്നു പഴനിസ്വാമിയെന്ന ജ്ഞാനി. കോയമ്പത്തൂരിലും പിന്നീട് അണ്ണാമല സർവകലാശാലയിലും തമിഴ് സാഹിത്യങ്ങളിൽ ബിരുദംനേടി കോയമ്പത്തൂരിൽത്തന്നെ തമിഴ് അധ്യാപകനായി ജീവിതമാരംഭിച്ചു. 1988-ൽ പ്രമേഹം ബാധിച്ച് കാഴ്ച മങ്ങിയതോടെ അധ്യാപനം മതിയാക്കി. പ്രബന്ധങ്ങളും കഥകളും കവിതകളുമായി നിരവധി പുസ്തകങ്ങളാണ് തമിഴ് സാഹിത്യത്തിന് സംഭാവന നൽകിയിട്ടുള്ളത്. മാർക്സിയൻ ആശയങ്ങളോടുള്ള അഭിനിവേശം അവസാനംവരെയും ഉണ്ടായിരുന്നു. മാർക്സിയൻ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള പുസ്തകം 'പുതിയ തലമുറ' എന്ന പുസ്തകം രചിച്ചു. തമിഴ് സാഹിത്യകാരൻമാരായ സിർപ്പി ബാലസുബ്രഹ്മണ്യം, മേത്ത, ഭുവിയരശ് എന്നിവരോടൊപ്പം പുതിയ കവികളെ കണ്ടെത്താനായി വാനമ്പാടിയെന്ന പേരിൽ സംഘമായി പ്രവർത്തിക്കയുംചെയ്തു.

കാഴ്ച നഷ്ടപ്പെട്ടതിനെക്കുറിച്ച് ഒരിക്കൽപ്പോലും അദ്ദേഹം ആരോടും പരാതി പറഞ്ഞിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. 2012-ൽ സഹധർമിണി ഇന്ദ്രാണി അർബുദംമൂലം അന്തരിച്ചപ്പോൾമാത്രമാണ് തന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞത്. തമിഴ്ഭാഷ മറ്റൊരു കണ്ണായി അവസാനംവരെ പൊതുവേദികളിലെത്താൻ അദ്ദേഹത്തെ സഹായിച്ചു. രണ്ട് സഹായികളായിരുന്നു അവസാനംവരെ കൂടെയുണ്ടായിരുന്നത്. തമിഴ്നേയൻ മാസികയിലെ വിഷയങ്ങൾ, തമിഴ്‌പഠിതാക്കൾ പഠനത്തിൽ ഉൾപ്പെടുത്തണമെന്ന്‌ ഇദ്ദേഹം പറഞ്ഞു.