പാലക്കാട്: സർക്കാർ ഓഫീസുകളിലെ താഴ്ന്ന തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക നിയമനം അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിച്ചതോടെ ജില്ലയിലെ ആയിരത്തിലേറെ ഉദ്യോഗാർഥികൾ ആശ്വാസത്തിലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർചെയ്തിരുന്ന ഇവർക്ക് ശുചീകരണം, സുരക്ഷ എന്നീ തൊഴിലുകളാണ് നഷ്ടപ്പെടുമായിരുന്നത്. പാലക്കാട്, മണ്ണാർക്കാട്, ഷൊർണൂർ, ആലത്തൂർ, ചിറ്റൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായാണ് ജില്ലയിൽനിന്നുള്ളവർ രജിസ്റ്റർചെയ്യേണ്ടത്. അഞ്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി വിവിധ തൊഴിലുകൾക്കായി രണ്ടുലക്ഷത്തോളം പേർ രജിസ്റ്റർചെയ്തിട്ടുണ്ട്.
പാലക്കാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഇപ്പോൾ 63,324 പേർ രജിസ്റ്റർചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് പാർട്ട്ടൈം സ്വീപ്പറായി 23 പേർക്കും ഫുൾടൈം റെഗുലർ തസ്തികയിലേക്ക് മൂന്നുപേർക്കും (അറ്റൻഡർ തസ്തിക) നിയമനം നൽകി. ഫുൾടൈം താത്കാലിക തസ്തികയിൽ 268 പേരെയും നിയമിച്ചിരുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർചെയ്യുന്ന ജനറൽ വിഭാഗത്തിന് 41 വയസ്സ്, ഒ.ബി.സി. വിഭാഗത്തിന് 44 വയസ്സ്, പട്ടികജാതി-പട്ടികവർഗവിഭാഗത്തിൽ 46 വയസ്സ് എന്നിങ്ങനെയാണ് ഫുൾടൈം ജീവനക്കാരായി ജോലിയിൽ പ്രവേശിക്കാനുള്ള പരമാവധി പ്രായപരിധി. അതുകഴിഞ്ഞാൽ 50 വയസ്സുവരെയുള്ളവരുടെ ആകെ പ്രതീക്ഷ പാർട്ട്ടൈം സ്വീപ്പറെന്ന തസ്തികയിലാണ്.
മണ്ണാർക്കാട്ട്
മണ്ണാർക്കാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 40,914 പേരാണ് രജിസ്റ്റർചെയ്ത് തൊഴിലുകൾക്കായി കാത്തിരിക്കുന്നത്. ഇതിൽ 25,481 സ്ത്രീകളാണ്. 15,433 പേർമാത്രമാണ് പുരുഷന്മാർ.
ഷൊർണൂരിൽ
ഷൊർണൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഡിസംബർ നാലുവരെ ലഭിച്ചത് 48,631 അപേക്ഷകൾ. ആശുപത്രി അറ്റൻഡർ, പാർട്ട്ടൈം സ്വീപ്പർ തസ്തികകളിലേക്കാണ് ഷൊർണൂരിൽനിന്ന് ജോലി നൽകിയിരിക്കുന്നത്. ഇതിൽ താത്കാലിക ജോലികളുൾപ്പെടെയുള്ളവയാണ്.
ആലത്തൂരിൽ
ആലത്തൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഈവർഷം 5,100 പേർ രജിസ്റ്റർചെയ്തു. ആലത്തൂർ താലൂക്കിലെ 16 ഗ്രാമപ്പഞ്ചായത്തുകളിൽനിന്നുള്ളവർ ഇതിൽ ഉൾപ്പെടും.
ചിറ്റൂരിൽ
അതിർത്തിപ്രദേശങ്ങൾ ഉൾപ്പെടുന്ന ചിറ്റൂർ താലൂക്കിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 38,953 പേർ രജിസ്റ്റർചെയ്തിട്ടുണ്ട്. ഒരുവർഷത്തിനിടെ 35 പേർ ശുചീകരണം, സുരക്ഷ ഉൾപ്പെടെയുള്ള പാർട്ട്ടൈം ജോലിയിൽ പ്രവേശിച്ചു.