വിളയൂർ: കാലവർഷക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ വെള്ളമിറങ്ങിയതോടെ ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമായി. വെള്ളത്തിൽ മുങ്ങിയ വിളയൂർ കണ്ണേങ്കാവ് ഗവ. എൽ.പി. സ്‌കൂൾ, അധ്യാപകരുടെയും പട്ടാമ്പി ബി.ആർ.സി. അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു. കഴിഞ്ഞവർഷവും പ്രളയത്തിൽ സ്‌കൂളിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. ചെളിയിൽ മൂടിക്കിടക്കുകയായിരുന്ന സ്‌കൂളിലെ സാധനസാമഗ്രികൾ ഉപയോഗയോഗ്യമാക്കി. ബി.പി.ഒ. കെ. വേണുഗോപാൽ, പ്രധാനാധ്യാപിക ഹേമലത, ടി.കെ. സ്മിത, ഷമീമ, അബ്ദുൾ സത്താർ, നൗഫൽ, സക്കീനബാനു തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി, സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. ഉണ്ണി തുടങ്ങിയവരും എത്തിയിരുന്നു.

തിരുവേഗപ്പുറ: ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചിരുന്ന നരിപ്പറമ്പ് ഗവ. യു.പി. സ്‌കൂൾ നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. പ്രോഗ്രാം ഓഫീസർ ടി. ഭാസ്കരൻ, സാമൂഹികപ്രവർത്തകനായ ശിവരാജ്, എൻ.എസ്.എസ്. ലീഡർമാരായ ദേവനയന, മെഹബൂബ് അലി തുടങ്ങിയവർ നേതൃത്വം നൽകി.

ആനക്കര: വെള്ളംകയറിയ കൂടല്ലൂർ ഗവ. ഹൈസ്കുളിലെ ക്ലാസ് റൂമുകളും ശൗചാലയങ്ങളും നാട്ടുകാരുടെയും പി.ടി.എ.യുടെയും അധ്യാപകരുടെയും തൊഴിലുറപ്പ്‌ തൊഴിലാളികളുടെയും സഹകരണത്തോടെ ശുചീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ഹാരിഫ് നാലകത്ത്, എക്സിക്യുട്ടീവ് മെമ്പർ എം. ഉമ്മർ, വാർഡ് മെമ്പർ എം.ടി. ഗീത, പ്രധാനാധ്യാപിക ശകുന്തള, കെ.ടി. പ്രീത എന്നിവർ നേതൃത്വം നൽകി.