ആനക്കര: വൈകിയാണെങ്കിലും വേനൽമഴയെത്തിയതോടെ പാടങ്ങളിൽ പൊടിവിത തുടങ്ങി. ബുധനാഴ്ച പുലർച്ചെ പെയ്ത മഴയെത്തുടർന്നാണ് പടിഞ്ഞാറൻ മേഖലകളിലെ പാടങ്ങളിൽ പൊടിവിത ആരംഭിച്ചത്. മേടത്തിനുമുമ്പ് ലഭിക്കുന്ന മഴയിലാണ് സാധാരണ പൊടിവിത നടത്താറുള്ളത്. ആദ്യമഴയിൽ പാടങ്ങൾ ഉഴുതുമറിച്ച് പൊടിവിതയ്ക്ക് തയ്യാറാക്കിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ മഴകിട്ടിയാൽ വീണ്ടും പാടങ്ങൾ ഉഴുതുമറിച്ച് പൊടിവിത നടത്തും. എന്നാൽ, ട്രാക്ടറുകൾ കിട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. വേനൽമഴ ലഭിക്കാത്തതിനാൽ പൊടിവിതയ്ക്കായി പാടം തയ്യാറാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ചാണകപ്പൊടിയും വളപ്പൊടിയും ഇട്ട് ഉഴുത് തയ്യാറാക്കിക്കൊണ്ടാണ് പൊടിവിത നടത്തുന്നത് -കർഷകർ പറഞ്ഞു.