ആനക്കര : ആനക്കര അങ്ങാടിയിലെ ഓട്ടോസ്റ്റാൻഡിന് സമീപത്തെ പാടശേഖരത്തിൽ മാലിന്യം കുന്നുകൂടുന്നു. മാലിന്യമില്ലാതാക്കാൻ നടപടിയെടുക്കാതെ അധികൃതരും. പ്ലാസ്റ്റിക് മാലിന്യവും മത്സ്യാവശിഷ്ടങ്ങളും വ്യാപാരസ്ഥാപനങ്ങളിലെ ജൈവ-അജൈവ മാലിന്യവുമാണ് പാടശേഖരത്തിൽ നിറയുന്നത്.
മഴയിൽ ഇവിടെ വെള്ളം നിറഞ്ഞതോടെ കൊതുകുശല്യവും പെരുകുന്നു. സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാരും കൊതുകുകടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പകർച്ചവ്യാധികൾ നാടാകെ പരക്കുമ്പോഴും മാലിന്യംതള്ളലിന് പരിഹാരം കാണാൻ അധികാരികൾക്ക് സമയമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ ആനക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്’ എന്ന മുന്നറിയിപ്പുബോർഡ് സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് മാലിന്യം തള്ളുന്നത്.
മാലിന്യം കുന്നുകൂടിയതോടെ അസഹ്യമായ ദുർഗന്ധവും തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യവും മേഖലയിൽ രൂക്ഷമാണ്. ആനക്കര പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ച് മാലിന്യപ്രശ്നത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഒരുനടപടിയുമെടുത്തിട്ടില്ലെന്നും പരാതിയുണ്ട്.
ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഒരുനടപടിയുമുണ്ടാകാത്തതാണ് മാലിന്യം കുമിഞ്ഞുകൂടുന്നതിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
പഞ്ചായത്തിന് സ്വന്തമായി മാലിന്യസംസ്കരണ സംവിധാനമില്ലാത്തതും മാലിന്യം കുമിഞ്ഞുകൂടുന്നതിന് കാരണമാകുന്നുണ്ട്. ആനക്കര അങ്ങാടിയിൽ നിരവധി വ്യാപാരസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. പാടശേഖത്തിൽ മാലിന്യം തള്ളൽ ഇനിയും തുടർന്നാൽ പകർച്ചവ്യാധികൾ പിടിപെടുമെന്ന ആശങ്കയിലാണ് നാട്ടുകാരും ഓട്ടോതൊഴിലാളികളും.