ആനക്കര : കപ്പൂർ, ആനക്കര പഞ്ചായത്തുകളിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. പകൽസമയങ്ങളിൽ പോലും കൂട്ടമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കൾ യാത്രക്കാരെ പേടിപ്പെടുത്തുന്നുണ്ട്. കപ്പൂർ പഞ്ചായത്തിലെ പറക്കുളം, പടിഞ്ഞാറങ്ങാടി, കുമരനല്ലൂർ, എൻജിനിയർ റോഡ് എന്നിവിടങ്ങളിലും ആനക്കര പഞ്ചായത്തിലെ കുമ്പിടി, ആനക്കര അങ്ങാടി, ഹൈസ്കൂൾ കുന്ന്, കാങ്കപ്പുഴ റോഡ് എന്നിവിടങ്ങളിലുമാണ് തെരുവുനായശല്യം രൂക്ഷമായിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കുപിറകേ ഓടിയും കുറുകേ ചാടിയും ദിവസേന ചെറുതും വലുതുമായ നിരവധി അപകടങ്ങളും മേഖലയിൽ പതിവായിട്ടുണ്ട്. തെരുവുനായശല്യം രൂക്ഷമായതോടെ പുലർച്ചെ നടക്കാൻ ഇറങ്ങുന്നവരും പത്രവിതരണക്കാരും ഭയന്നാണ് സഞ്ചരിക്കുന്നത്.