ആനക്കര : മഴയിൽ പുഴയിലെ നീരൊഴുക്ക് വർധിച്ചതോടെ കുമ്പിടി കാങ്കപ്പുഴയിൽ മീൻപിടുത്തം സജീവമായി. നീരൊഴുക്കിൽനിന്ന് വലവീശിയും കണ്ടാടി വലവിരിച്ചും കൊട്ടത്തോണിയിലുമാണ് മീൻപിടുത്തം. സ്വന്തം ആവശ്യത്തിനുമാത്രമല്ല വില്പനയ്ക്കായും മീൻ പിടിക്കുന്നവരേറെയാണ്. കരിമീൻ, പരൽ, കുറുവ, സിലോപി, കോലൻ, ചെമ്മീൻ തുടങ്ങിയ മീനുകളാണ് സുലഭമായി ലഭിക്കുന്നത്.
അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ നിരവധി ചെറുപ്പക്കാർ രാവിലെമുതൽ തുടങ്ങുന്ന മീൻപിടുത്തം രാത്രിയിലാണ് അവസാനിക്കുന്നത്.
വെള്ളിയാങ്കല്ല്, പട്ടിത്തറ, കൂട്ടക്കടവ്, കാറ്റാടിക്കടവ് എന്നിവിടങ്ങളിലും മീൻപിടുത്തം സജീവമാണ്.
വൈകുന്നേരങ്ങളിൽ അങ്ങാടികളിൽ വില്പനയ്ക്കെത്തുന്ന പുഴമീൻ വാങ്ങാനും നിരവധിപേരെത്തുന്നുണ്ട്. പാടങ്ങളിലും തോടുകളിലും മുറവല വെച്ചും വലവീശിയും മീൻ പിടിക്കുന്നവരും ഏറെയാണ്.