ആനക്കര : ആനക്കര, കപ്പൂർ പഞ്ചായത്തുകളിലെ മലപ്പുറം ജില്ലാ അതിർത്തികൾ അടച്ച് പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലാ അതിർത്തികളായ കുമ്പിടി-കുറ്റിപ്പുറം റോഡിലെ കരിയാപ്പാട്ട് പാലം, നീലിയാട് പാത, ചേകനൂർ എന്നീ പ്രധാന റോഡുകളാണ് അടച്ചത്. മലപ്പുറം ജില്ലയിലെ വട്ടംകുളം, എടപ്പാൾ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് ജില്ലാ അതിർത്തികൾ അടച്ചത്. റോഡിൽ കൈവരികൾ കെട്ടിയാണ് പോലീസ് ഗതാഗതം തടയുന്നത്. ഇവിടങ്ങളിൽ പോലീസ് മുഴുവൻ സമയവും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലേക്ക് കടക്കുന്ന ഊടുവഴികളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ആശുപത്രിയിലേക്ക് പോകുന്നവരെയും ഭക്ഷ്യവസ്തുക്കളുമായെത്തുന്ന വാഹനങ്ങളെയും മാത്രമാണ് ജില്ലാ അതിർത്തി കടത്തിവിടുന്നത്.