ആനക്കര : കോവിഡിനെ അതിജീവിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ പറക്കുളം എം.ആർ.എസിന് നൂറുശതമാനം വിജയം.
പതിനൊന്നാം വർഷമാണ് തുടർച്ചയായി നൂറുശതമാനം വിജയംനേടുന്നത്. ഇതിൽ ഏഴ് വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസും നേടി.
15 വിദ്യാർഥികൾ ഒമ്പത് എപ്ലസ് നേടി. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള പട്ടികജാതി /പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണ് പറക്കുളം മോഡൽ റസിഡൻഷ്യൽ സ്കൂൾ.
ലോക്ക് ഡൗണിനെത്തുടർന്ന് പരീക്ഷ മുഴുമിപ്പിക്കാൻ കഴിയാത്തതിനാൽ വിദ്യാർഥികളെല്ലാം ഹോസ്റ്റലിൽ നിന്ന് വീടുകളിലേക്ക് പോയിരുന്നു. പിന്നീട് അവസാന മൂന്ന് പരീക്ഷയെഴുതാൻവേണ്ടി വീടുകളിൽനിന്ന് എത്തുകയായിരുന്നു. പ്രധാനാധ്യാപകൻ ടി. അബ്ദുൾറഹ്മാന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പഠനരീതികളും അധ്യാപകരുടെയും പി.ടി.എ.യും ചേർന്നുള്ള ശക്തമായ പിന്തുണയുമാണ് കുട്ടികളുടെ വിജയത്തിന് കാരണമായത്.