ആനക്കര : യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിച്ച് ആനക്കര-നീലിയാട് റോഡ്. ആനക്കരമുതൽ പോട്ടൂർവരെയുള്ള റോഡിന്റെ രണ്ട് കിലോമീറ്ററോളം ഭാഗമാണ് പൂർണമായും തകർന്ന് യാത്രക്കാരെ വലയ്ക്കുന്നത്. കുഴികൾ രൂപപ്പെട്ട് റോഡുതന്നെ ഇല്ലാത്ത അവസ്ഥയാണിവിടെ. പലേടത്തും റോഡിന്റെ ഇരുവശവും ടാറിങ് ഇളകി വലിയ കല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കയാണ്.
നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡിലെ ഗർത്തങ്ങൾമൂലം ഇതുവഴിയുള്ള യാത്ര യാത്രികർക്ക് അപകടക്കെണിയാകുന്നുണ്ട്. മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞതോടെ കുഴിയിൽച്ചാടി വാഹനാപകടങ്ങളും പതിവായിട്ടുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാകാത്തത് വൻ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പാടശേഖരങ്ങൾക്ക് സമീപത്തിലൂടെ കടന്നുപോകുന്നതിനാൽ മഴക്കാലത്ത് റോഡിൽ വെള്ളംകയറുന്നതും പതിവാണ്. അതിനാൽ റോഡുയർത്തി റീ-ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.