ആനക്കര : എടപ്പാളിൽ അഞ്ചുപേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആനക്കര, കപ്പൂർ എന്നീ അതിർത്തി പഞ്ചായത്തുകളിലെ ജനങ്ങൾ ജാഗ്രതപാലിക്കാൻ നിർദേശം. രണ്ട് സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കുൾപ്പടെ രോഗം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്.
പഞ്ചായത്തുകളിൽനിന്ന് ജൂൺ അഞ്ചുമുതൽ 26വരെ എടപ്പാളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയവർ വിവരം ആരോഗ്യവകുപ്പിനെയും പഞ്ചായത്തിനെയും അറിയിക്കണമെന്ന മുന്നറിയിപ്പ് പഞ്ചായത്തുകൾ നൽകിയിട്ടുണ്ട്.
അടിയന്തരാവശ്യങ്ങൾക്കല്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ കർശന നിയമനടപടിയെടുക്കുമെന്ന് തൃത്താല എസ്.ഐ. എസ്. അനീഷ് പറഞ്ഞു.
ആനക്കര, കപ്പൂർ, പട്ടിത്തറ പഞ്ചായത്തികളിലുള്ളവർ കൂടുതലായും ആശ്രയിക്കുന്നത് എടപ്പാളിലെ സ്വകാര്യ ആശുപത്രികളെയാണ്. ദിവസേന മേഖലയിൽനിന്ന് നിരവധി രോഗികൾ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്.
ആയുർവേദ ആശുപത്രി താത്കാലികമായി അടച്ചു
:ആനക്കരപഞ്ചായത്തിലെ ആയുർവേദ ആശുപത്രി താത്‌കാലികമായി 14 ദിവസം അടച്ചിടാനും ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പടെ അഞ്ച് ജീവനക്കാർ നിരീക്ഷണത്തിൽക്കഴിയാനും നിർദേശം.
എടപ്പാൾ എരുവപ്രക്കുന്നിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി ആയൂർവേദാശുപത്രി സന്ദർശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. പത്മനാഭൻ പറഞ്ഞു.