ആനക്കര: നാലുകെട്ടും എം.ടി.യും ആസ്വാദകഹൃദയങ്ങളിൽ കുടിയിരുത്തിയ കൂടല്ലൂരിൽ ‘നാലുകെട്ടിനെ’ അടിസ്ഥാനമാക്കിയുള്ള ഫോട്ടോ പ്രദർശനവും ചിത്രരചനയുമായി ‘ഹൃദയപൂർവം എം.ടി.ക്ക്’ വേദിയുണർന്നു. കൂടല്ലൂരിലെ കൂര്യായിക്കൂട്ടം നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂടല്ലൂർ ഗവ. ഹൈസ്കൂളിലാണ് ദ്വിദിന സാംസ്‌കാരിക സമ്മേളനത്തിന് തുടക്കമായത്. ആദ്യദിനമായ ശനിയാഴ്ച നാലുകെട്ട് നോവലിനെ അധികരിച്ച് ഡി. മനോജ് വൈക്കം പകർത്തിയ ഫോട്ടോകളുടെ പ്രദർശനം ആർട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘടാനം ചെയ്തു. അച്യുതൻ കൂടല്ലൂർ അധ്യക്ഷനായി.

കെ.പി. സുരേഷ്, എസ്.എം. ഖാലിദ്‌, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. പി.കെ.കെ. ഹുറൈർകുട്ടി, പി. മമ്മിക്കുട്ടി, ഡി. മനോജ് വൈക്കം, ഇ. പരമേശ്വരൻകുട്ടി, എം.ടി. ഗീത, ഹെന്ന ഹാരിസ് എന്നിവർ സംസാരിച്ചു. തുടർന്ന്, പൊന്നാനി ചാർക്കോൾ കലാകാരന്മാരുടെ നേതൃത്വത്തിൽ നാലുകെട്ട് നോവലിനെ ആസ്പദമാക്കി ചിത്രരചന നടന്നു. ഞായറാഴ്ച രാവിലെ 10-ന് നടക്കുന്ന കവിയരങ്ങ് പി.കെ. ഗോപി ഉദ്ഘടാനം ചെയ്യും. പി.പി. രാമചന്ദ്രൻ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സംവാദം ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. അശോകൻ ചരുവിൽ അധ്യക്ഷത വഹിക്കും.

വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരികസമ്മേളനം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനംചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനാവും. എം.ടി.യെ പി. യൂസഫ് ഹാജി പൊന്നാടയണിയിക്കും. ഡോ. പി.കെ.കെ. ഹുറൈർകുട്ടി ഉപഹാരസമർപ്പണം നടത്തും. സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സംവിധായകൻ ഹരിഹരൻ, െഞരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.