ആനക്കര: കഴിഞ്ഞ രണ്ടുവർഷവും പുഴ കരയിലേക്ക് കയറിയതോടെ പുഴമ്പറത്ത് അലിയുടെ വീടും പുഴയുമായുള്ള അകലം ഒന്നരമീറ്റർ മാത്രമായി. ഓരോ പ്രളയത്തിലും ഉള്ള സ്ഥലത്തിന്റെ ഒരോസെന്റ് വീതം നഷ്ടമായി. അടുത്ത മഴയിൽ വീടും പുഴയെടുക്കുമോ എന്ന ഭയത്തിലാണ് ഈ കുടുംബം കഴിയുന്നത്.

ആനക്കര പഞ്ചായത്തിലെ ഒന്നാംവാർഡിൽ ഉൾപ്പെടുന്ന ഉമ്മത്തൂർ ജലസേചന പദ്ധതിക്ക് സമീപം ഭാരതപ്പുഴയോടുചേർന്ന എട്ടരസെന്റ് സ്ഥലത്താണ് അലിയുടെ വീട്. ഇതിൽ രണ്ടുസെന്റാണ് പുഴ കൊണ്ടുപോയത്. മഴക്കെടുതിയിൽ വെള്ളം കയറി വീടിന്റെ ഭിത്തിയും നിലവുമടക്കം വിള്ളൽവീണു. വ്യാപക നാശ നഷ്ടമുണ്ടായെങ്കിലും കഴിഞ്ഞ പ്രളയത്തിൽ ആകെ 10,000രൂപ മാത്രമാണ് ലഭിച്ചതെന്ന് അലി പറഞ്ഞു. ഇത്തവണ ആനക്കര വില്ലേജോഫീസറടക്കം സന്ദർശിച്ചിരുന്നു. സെന്റിന് അൻമ്പതിനായിരംരൂപവരെ ലഭിക്കുന്ന സ്ഥലമാണ് പുഴ വിഴുങ്ങിയതെന്നും പറയുന്നു.

ഈ വർഷം വീട്ടുപകരണങ്ങളടക്കം നഷ്ടമായി. അലിയും കുടുംബവും ദുരിതാശ്വാസക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. പുഴ കരവിഴുങ്ങുന്നത് തടയാൻ സംരക്ഷണഭിത്തി കെട്ടണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും നടപടി അകലെയാണ്.

അലി മാത്രമല്ല, പുഴയോടുചേർന്ന് വീടുവെച്ച പലരും ഇത്തരത്തിൽ ഭീഷണി നേരിടുകയാണ്. അലിയും ഭാര്യ നഫീസത്തുൽ മിസ്‌റിയും അഞ്ചുവയസ്സുള്ള മകളും 10 വയസ്സുള്ള മകനുമാണ് ഇവിടെയുള്ളത്.