പൊന്നുമണിയേട്ടന് നടത്തം ചെരിപ്പിടാതെ; യാത്ര സൈക്കിളിൽ
പൊന്നുമണിയേട്ടൻ സൈക്കിൾ സവാരിയിൽ

ആലത്തൂർ : സർക്കാർ ജീവനക്കാരനും വില്ലേജോഫീസറും ഡെപ്യൂട്ടി തഹസിൽദാരും പെൻഷനറും ഒക്കെയായപ്പോഴും കാട്ടുശ്ശേരി നരിയമ്പറമ്പ് കാരിയങ്കൽ പൊന്നുമണിയെന്ന രാജഗോപാൽ ശീലങ്ങൾ വേണ്ടെന്നുവെച്ചില്ല. നടത്തം നഗ്‌നപാദനായി. യാത്ര സൈക്കിളിൽ. ഇതാണ് പൊന്നുമണിയേട്ടനെ വ്യത്യസ്തനാക്കുന്നത്.

നന്നേ ചെറുപ്പത്തിലേ ചെരിപ്പിടുന്ന ശീലമില്ല. സൈക്കിൾ ചവിട്ടാൻ പഠിച്ചത് ഏഴിൽ പഠിക്കുമ്പോഴാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൈക്കിളിൽ സ്‌കൂളിൽ പോകാൻ അമ്മ ലക്ഷ്മിയമ്മ 'ലൈസൻസ്' തന്നു. ഇപ്പോൾ 75-ാം വയസ്സിലും സൈക്കിൾ സന്തതസഹചാരിയാണ്. ദിവസം പല ആവശ്യങ്ങൾക്കായി ആലത്തൂർ പട്ടണത്തിലടക്കം നാലഞ്ചുതവണ സൈക്കിളിൽ ചുറ്റും. വൈകീട്ട് കുറച്ച് സുഹൃത്തുക്കളുമായി നടക്കുന്ന ശീലവുമുണ്ട്.    

1973-ൽ പൊള്ളാച്ചിയിൽനിന്ന് പുതിയ സൈക്കിൾ വാങ്ങി കൂട്ടുകാരൻ രാധാകൃഷ്ണനുമൊത്ത് മാറിമാറി ചവിട്ടി വീടെത്തിയത് ഇന്നും മറക്കാനാവില്ല.

1965-ൽ മലപ്പുറത്ത് സർക്കാർ സർവീസിൽ കയറി. 1971-ൽ പാലക്കാട് കളക്ടറേറ്റിലെത്തി. ബസ് സമരകാലത്തൊക്കെ സൈക്കിളിലാണ് പോയിവന്നിരുന്നത്. കാവശ്ശേരി, പാടൂർ, ആലത്തൂർ, മഞ്ഞളൂർ, മുടപ്പല്ലൂർ വില്ലോജോഫീസറായി ജോലി ചെയ്തു. ഫീൽഡിൽ പോയിരുന്നതും സെക്കിളിൽ തന്നെ.

1984-ൽ വാങ്ങിയ ഹീറോ സൈക്കിളാണ് ഇപ്പോഴത്തെ സഹചാരി. ഭാര്യ ശ്യാമളയും എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ മൂത്തമകൻ ജയപ്രപകാശും നേവിയിൽനിന്ന് വിരമിച്ച എസ്.ബി.ഐ. ഉദ്യോഗസ്ഥനായ ഇളയമകൻ ഗോപകുമാറും പൊന്നുമണിയേട്ടന്റെ സൈക്കിൾ സഞ്ചാരത്തിന് പിന്തുണ നൽകുന്നു.

സർവീസിലിരിക്കെ സമ്പാദിച്ച അഴിമതിയില്ലാത്ത ഉദ്യോഗസ്ഥനെന്ന സൽപ്പേരും സൈക്കിളിൽ പോകുന്ന, ചെരിപ്പിടാത്ത 'അധികാരി' എന്ന വിളിപ്പേരും പൊന്നുമണിയേട്ട എന്ന ചെല്ലപ്പേരും സ്വന്തം.