ചെന്നൈ : യൂട്യൂബിൽ പരസ്പരം ആരോപണങ്ങളുമായി പോരടിച്ചിരുന്ന ടിക് ടോക് താരങ്ങളിൽ ഒരാൾ മറ്റേയാളുടെ പരാതിയിൽ അറസ്റ്റിലായി. തേനി സ്വദേശി ദിവ്യയാണ് പിടിയിലായത്. തേനി സ്വദേശിതന്നെയായ സുഗന്ധി എന്ന യുവതി നൽകിയ പരാതിയിലാണ് നടപടി.

തന്നെയും കുടുംബത്തെയും കുറിച്ച് ദിവ്യ അപകീർത്തികരമായി യൂട്യൂബിൽ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നുവെന്നായിരുന്നു പരാതി. കേസിൽ തേനി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർചെയ്ത് ദിവ്യയെ തേടി വരികയായിരുന്നു. എന്നാൽ ഇവർ തഞ്ചാവൂർ, ചെന്നൈ, കടലൂർ, പുതുച്ചേരി എന്നിങ്ങനെ പലയിടങ്ങളിലായി മാറിമാറി കറങ്ങി. ഒടുവിൽ നാഗപട്ടണത്തുനിന്നാണ് ദിവ്യയെ പോലീസ് അറസ്റ്റുചെയ്തത്.

ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ടിക് ടോക്കിൽ പ്രശസ്തരായിരുന്ന ദിവ്യയും സുഗന്ധിയും ആപ്ലിക്കേഷൻ നിരോധിച്ചതോടെ യൂട്യൂബിൽ സജീവമാവുകയായിരുന്നു. പരസ്പരം കുറ്റപ്പെടുത്തി ടിക് ടോക്കിൽ തുടങ്ങിയ പോര് യൂട്യൂബിലും തുടർന്നതാണ് അവസാനം കേസിലവസാനിച്ചത്.