പോത്തുണ്ടി: അണക്കെട്ടിനോടുചേർന്നുള്ള ഉദ്യാന നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. സാഹസികടൂറിസം പ്രവർത്തനഭാഗമായി നിർമിക്കുന്ന റൈഡുകൾക്ക് ജലസേചനവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് നിർത്തിവെച്ച നിർമാണപ്രവർത്തനങ്ങൾ കഴിഞ്ഞദിവസം ആരംഭിച്ചത്. നാലുകോടി രൂപ ചെലവിലാണ് സാഹസിക ഉദ്യാനം നിർമിക്കുന്നത്.
2018 മാർച്ച് 30-ന് ടൂറിസംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ഇപ്പോഴും പൂർത്തിയാവതിരിക്കുന്നത്. കുട്ടികൾക്കുള്ള കളിസ്ഥലം, ഷൂട്ടിങ് പോയന്റ്, ക്വാഡ് ബൈക്കിങ്, റോപ്പ് സൈക്കിളിങ്, ഓപ്പൺ ജിം തുടങ്ങിയ 30തിലധികം ഇനങ്ങളാണ് പുതുതായി സജ്ജീകരിക്കുന്നത്. മണ്ണുകൊണ്ട് നിർമിച്ച അണക്കെട്ടായതിനാൽ റോപ്പ് സൈക്കളിങ്ങിന്റെ ഭാഗമായി തൂണുകൾ സ്ഥാപിക്കുമ്പോൾ അണക്കെട്ടിന് ആഘാതമേൽക്കുമോ എന്ന പഠനം ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് നടത്തിയശേഷമാണ് അനുമതി നൽകിയത്.
80 മീറ്ററുള്ള റോപ്പ് സൈക്കളിങ്ങിന്റെ പണിയാണ് അനുമതിലഭിച്ചതോടെ ആരംഭിച്ചത്. കൂടാതെ നീന്തൽക്കുളം, 1,400 മീറ്റർ നടപ്പാത, പൂന്തോട്ടം, ജലധാര, ഓപ്പൺ സ്റ്റേജ് എന്നിവയും തണൽമരങ്ങൾ െവച്ചുപിടിപ്പിക്കുന്ന പ്രവൃത്തിയും നടന്നുവരുന്നുണ്ട്.